എന്താണ് 5ജി ? ഇന്ത്യയില്‍ എവിടെ വരെ..അറിയേണ്ടതെല്ലം...

എന്താണ് 5ജി ? ഇന്ത്യയില്‍ എവിടെ വരെ..അറിയേണ്ടതെല്ലം...


കണ്ണിമ ചിമ്മുന്ന വേഗത്തില്‍ ഡാറ്റകള്‍ കൈമാറാന്‍ സാധിക്കുന്ന 5ജി നെറ്റ്‌വര്‍ക്കിലേക്കാണ് ലോകം ഇന്ന് ഉറ്റു നോക്കുന്നത്. സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റും ഇതിനൊടകം തന്നെ ലോകത്തെ കീഴടക്കി കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇന്റര്‍നെറ്റിന്റെ എറ്റവും പുതിയ ഭാവിയായ 5ജി വിവര സാങ്കേതിക രംഗത്ത് വന്‍ വിപ്ലവം തന്നെ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. വിവിധ മേഖലകളില്‍ അനന്തര സാധ്യതകളാണ് 5ജി ഇന്റര്‍നെറ്റ് തുറന്നു വെയ്ക്കുന്നത്. കണക്ടിവിറ്റിയില്‍ കണക്ടായ പുതിയ തലമുറയ്ക്ക് ഒട്ടനവധി പ്രതീക്ഷകളുമായാണ് അഞ്ചാം തലമുറ ഇന്റര്‍നെറ്റിന്റെ ഉദയം നല്‍കുന്നത്. 
എന്താണ് 5ജി
വയര്‍ലെസ് സാങ്കേതികവിദ്യയുടെ അഞ്ചാം തലമുറയാണ് 5ജി. ലോകം കണ്ട ഏറ്റവും വേഗതയേറിയതും കരുത്തുറ്റതുമായ സാങ്കേതികവിദ്യകളിലൊന്നായി ഇത് അറിയപ്പെടും. ആളുകളെയും സമൂഹത്തെയും അടിമുടി പരിവര്‍ത്തനം ചെയ്യാന്‍ ഇതിന് സാധിക്കും. വളരെ വേഗത്തില്‍ ഡാറ്റാ കൈമാറ്റ നിരക്ക്, ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്ത്, കണക്റ്റിവിറ്റിക്കുള്ള കൂടുതല്‍ അവസരങ്ങള്‍ എന്നിവ 5ജി അള്‍ട്രാ വൈഡ്ബാന്‍ഡ് നെറ്റ്‍വര്‍ക്ക് സാങ്കേതികവിദ്യയിലൂടെ സാധ്യമാകുന്നു. 4ജി നെറ്റ്‍വര്‍ക്കിനെക്കാള്‍ നൂറു മടങ്ങ് വേഗത്തില്‍ ഡേറ്റ കൈമാറ്റം ചെയ്യാന്‍ കഴിയുമെന്നാണ് 5ജി നെറ്റ്‍വര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 
5ജിയുടെ തുടക്കം
2018 അമേരിക്കയിലാണ് ആദ്യമായി 5ജി നെറ്റ്‍വര്‍ക്ക് തുടക്കം കുറിച്ചത്. ശേഷം യൂറോപ്യന്‍ രാജ്യങ്ങളും ചൈനയും 5ജിയുടെ പാത പിന്തുടര്‍ന്നു. 4ജി സ്മാര്‍ട്ട് ഫോണുകളുടെ ലോകത്ത് ആളുകള്‍ ദിനംപ്രതി ഡേറ്റയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഡേറ്റയുടെ സ്പീഡ് കുറയുകയും സര്‍വീസില്‍ പലപ്പോഴും തടസ്സപ്പെടുകയും ചെയ്യാറുണ്ട്, പ്രത്യേകിച്ച് ഒരേസമയം ആളുകള്‍ ഡേറ്റ ഉപയോഗിക്കുമ്പോള്‍. എന്നാല്‍ 5ജിയിലേക്ക് മാറി കഴിയുമ്പോല്‍ ഇത്തരത്തിലുളള തടസ്സങ്ങള്‍ ഇല്ലാതാകും. വാണിജ്യം, പ്രതിരോധം, അടിസ്ഥാന സൗകര്യങ്ങള്‍, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലെയും വളര്‍ച്ചക്കും മാറ്റത്തിനും 5ജി പ്രയോജനം ചെയ്യും. ഓരേ സമയം ആയിരത്തോളം ഡിവൈസുകളെ കൈകാര്യം ചെയ്യാന്‍ 5ജിക്ക് നിഷ്പ്രയാസം സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു സിനിമ 2ജി നെറ്റ് വര്‍ക്കില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ എടുക്കുന്ന സമയം രണ്ട് മണിക്കൂറും അത് 4 ജിയിലേക്ക് എത്തുമ്പോള്‍ 7 മിനിറ്റായി കുറയുന്നു. എന്നാല്‍ 5ജിയില്‍ വെറും പത്ത് സെക്കന്‍ഡുകള്‍ക്കുളളില്‍ സിനിമ ഡൗണ്‍ലോഡായി കിട്ടും. അതേസമയം 5ജി ഡൗണ്‍ലോഡ് വേഗത നെറ്റ് വര്‍ക്കിന്റെ റേഞ്ചും സ്ഥാനവും ആശ്രയിച്ചാവും ലഭ്യമാകുക.
5ജി സാധ്യതകള്‍
4 ജി നെറ്റ്‍വര്‍ക്കില്‍ ലേറ്റന്‍സി 45 മില്ലിസെക്കന്‍ഡായിരുന്നെങ്കില്‍ 5ജിയില്‍ 5 മില്ലി സെക്കന്‍ഡ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതായത് 5ജി ഉപയോഗിച്ച് നെറ്റില്‍ ഒരു നിര്‍ദേശം കൊടുത്താല്‍ സെക്കന്‍ഡുകള്‍ക്കുളളില്‍ പ്രതികരണമുണ്ടാകും. (ഒരു വീഡിയോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റി അറിയുന്നതിന് നെറ്റില്‍ ഒരു നിര്‍ദേശം കൊടുക്കുന്നതിനും പ്രതികരണമുണ്ടാകുന്നതിനും ഇടയ്ക്കുളള സമയമമാണ് ലേറ്റന്‍സി)വെര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്‌സ്, ബയോടെക്‌നോളജി, കാറുകള്‍, ഓണ്‍ലൈണ്‍ ഗെയിംമിങ്ങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ 5ജിക്ക് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കും. 5ജിയിലൂടെ ട്രാഫിക് നിയന്ത്രണം സുഗമമാക്കാന്‍ സാധിക്കും. എന്തെന്നാല്‍ വിവിധ സ്ഥലങ്ങളില്‍ ഘടിപ്പിച്ച സെന്‍സറുകളും നിയന്ത്രണ സംവിധാനങ്ങളും സിഗ്നല്‍ ലൈറ്റുകളും തമ്മിലുളള ആശയവിനിമയം 5ജിയിലൂടെ കാര്യക്ഷമമാക്കാന്‍ കഴിയും. ഇത്തരത്തില്‍ 5 ജിയിലൂടെ പുതിയ അവസരങ്ങള്‍ വര്‍ധിക്കുന്നതിലൂടെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 
അതിവേഗത്തില്‍ വയര്‍ലെസായി നെറ്റ്‍‍വര്‍ക്ക് ലഭ്യമാകാന്‍ സാങ്കേതികമായ ഒട്ടനവധി പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ട് എന്നതാണ് എടുത്തു പറയേണ്ടത്. ട്രാന്‍സ്മിറ്ററുകള്‍, റേഡിയോ തരംഗങ്ങള്‍, സ്മാര്‍ട്ട് ഫോണുകളുള്‍പ്പടെയുളള ഉപകരങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലെല്ലാം മാറ്റം വരുത്തണം. എന്നാല്‍ മാത്രമേ ഇപ്പോള്‍ ലഭ്യമാകുന്ന വേഗത്തിന്റെ നൂറിരട്ടി മടങ്ങില്‍ ഇന്റര്‍നെറ്റ് ലഭിക്കുകയുളളു. 5ജിക്ക് വേണ്ടി അടുത്ത് അടുത്തായി ടവറുകള്‍ സ്ഥാപിക്കേണ്ടി വരുന്ന സ്‌മോള്‍ സെല്‍ ടെക്‌നോളജിയാണ് ഉപയോഗിക്കുന്നതെങ്കില്‍ റേഡിയേഷന്‍ ഭീതിയുണ്ടാകും. 5 ജിയുടെ സുരക്ഷയെ സംബന്ധിച്ചും ആശങ്കകള്‍ ഉയര്‍ന്നു വരുന്നുണ്ട്. ആരോഗ്യ മേഖലയിലെയും സെല്‍ഫ് ഡ്രൈവിംങ് കാറുകള്‍ തുടങ്ങിയവയിലെ 5ജിയുടെ ഉപയോഗം ആശങ്കകള്‍ വര്‍ധിപ്പിക്കുന്നവയാണ്. 
5ജി നെറ്റ്‍വര്‍ക്ക് നടപ്പാക്കുന്ന കാര്യത്തില്‍ നമുക്ക് വേഗത കൈവരിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു നൂറു ദിവസത്തിനുളളില്‍ 5ജി നെറ്റ് വര്‍ക്ക് സേവനം രാജ്യത്ത് നടപ്പിലാക്കുമെന്നത്. ഈ വര്‍ഷം തന്നെ രാജ്യത്ത് 5ജി നെറ്റ്‍വര്‍ക്ക് സേവനം എത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ 5ജി നടപ്പിലാക്കണമെങ്കില്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ കാതലായ മാറ്റങ്ങല്‍ വരുത്തേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുപോലെ തന്നെ രാജ്യം മുഴുവന്‍ നീളുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃഖല വിപുലമാക്കുകയും ചെയ്യണം. എന്നാല്‍ മാത്രമേ വളരെ വേഗത്തില്‍ 5ജി സേവനം രാജ്യത്ത് ലഭ്യമാക്കുവാന്‍ കഴിയുകയുളളു. 
വിപ്ലവം അവര്‍ത്തിക്കാന്‍ ജിയോ
കുറഞ്ഞ ഡേറ്റാ നിരക്കുകളിലൂടെ ജിയോ കൊണ്ടുന്ന വന്ന വിപ്ലവം വന്‍ മാറ്റങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. അതേ ജിയോ തന്നെ ക്വാല്‍കോമുമായി ചേര്‍ന്ന് രാജ്യത്ത് 5ജി അവതരിപ്പിക്കാനുളള ശ്രമങ്ങള്‍ വിജയത്തിലേക്ക് കടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നത്. രാജ്യത്ത് നടത്തിയ പരീക്ഷണത്തില്‍ ഒരു ജിബി വേഗം ആര്‍ജിക്കാന്‍ കഴിഞ്ഞുവെന്നാണ് ജിയോ അവകാശപ്പെടുന്നത്. നിലവില്‍ 27000 രൂപയ്ക്ക് മുകളില്‍ വില വരുന്ന 5ജി ഫോണുകള്‍ 2500 രൂപ നിലവാരത്തില്‍ വിപണിയിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ 5ജി വിപ്ലവത്തില്‍ റിലയന്‍സ് ജിയോ വഴികാട്ടിയാകുമെന്ന് കമ്പനി മേധാവി മുകേഷ് അംബാനി പറയുകയുണ്ടായി. 2021 മുതല്‍ രാജ്യത്ത് ജിയോ 5 ജി ലഭ്യമാകുമെന്നും വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ സേവനം ആരംഭിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. 5 ജി സേവനത്തിലൂടെ ജിയോ നെറ്റ് വര്‍ക്ക് മേഖലയിലെ പുതിയ വിപ്ലവത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ്.

Post a Comment

Previous Post Next Post

 



Advertisements