പണത്തിന്റെ മൂല്യം ഇടിയുന്നത് എങ്ങനെ? ഇന്ത്യൻ റുപിയും ഡോളറും തമ്മിൽ എന്തെങ്കിലും കരാർ ഉണ്ടോ? മൂല്യം ഇടിയാനുള്ള കാരണങ്ങൾ ഇതാണ്
ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിൽ രൂപയുടെ വിനിമയ നിരക്ക് ബ്രിട്ടീഷ് കറൻസിയായ പൗണ്ട് സ്റ്റെർലിങ്ങുമായി ബന്ധപ്പെടുത്തി നിശ്ചയിച്ചിരിക്കുകയായിരുന്നു. 1927 മുതൽ ഒരു ഇന്ത്യൻ രൂപ ഒരു ഷില്ലിംഗ് ആറ് പെൻസ് എന്ന നിലയിൽ നിജപ്പെടുത്തിയിരുന്നു.
Join WhatsApp
രണ്ടാം ലോകമഹായുദ്ധാനന്തരം അന്താരാഷ്ട്ര നാണയ നിധി (IMF) രൂപം കൊള്ളുകയും ഇതിലെ സ്ഥാപക അംഗം എന്ന നിലയ്ക്ക് ഇന്ത്യക്ക് അതിന്റെ വിനിമയ നിരക്ക് നിശ്ചയിക്കുന്ന രീതിയിലും മാറ്റം വരുത്തേണ്ടി വന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ കറൻസിയായ രൂപയുടെ വിനിമയ നിരക്ക് ഒന്നുകിൽ സ്വർണത്തിന്റെ അല്ലെങ്കിൽ അമേരിക്കൻ ഡോളറിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കാൻ നിർബന്ധിതമാവുകയും രൂപയുടെ മൂല്യം ഒരു ഡോളറിനു മൂന്ന് രൂപ മുപ്പത് പൈസ എന്ന് നിശ്ചയിക്കുകയും ചെയ്തു.
അവിടുന്നിങ്ങോട്ട് രൂപക്കെതിരെ ഡോളറിന്റെ ശക്തമായ പ്രയാണമാണ് നാം കണ്ടത്. ഇരുപത് വർഷങ്ങൾക്ക് ശേഷം 1966 ലെ സർക്കാരിന്റെ സ്വമേധയായുള്ള മൂല്യം കുറക്കലിന് (ഡീവാലുവേഷൻ) ശേഷം രൂപ ഡോളറിനെതിരെ ഏഴ് രൂപ അൻപത് പൈസ എന്ന നിലയിലെത്തി.
1975 ൽ മറ്റു രാജ്യങ്ങളിലെ മാറ്റങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യയും , ഗവൺമെൻറ് വിനിമയ നിരക്ക് നിശ്ചയിക്കുന്ന ഫിക്സഡ് എക്സ്ചേഞ്ച് റേറ്റ് എന്ന സംവിധാനം നിർത്തലാക്കി പ്രധാനപ്പെട്ട വിദേശ കറൻസികളായ അമേരിക്കൻ ഡോളർ, ബ്രിട്ടീഷ് പൗണ്ട്, ജാപ്പനീസ് യെൻ, ജർമൻ മാർക്ക് എന്നീ കറൻസികളുടെ മൂല്യവുമായി ബന്ധപ്പെടുത്തി വിനിമയ നിരക്ക് നിശ്ചയിക്കാൻ തുടങ്ങി. ഇതേതുടർന്ന് 1980-81 കാലഘട്ടത്തിൽ 7 രൂപ 91 പൈസ എന്ന നിലയിൽ നിന്ന് 1991-92 കാലഘട്ടമായപ്പോളേക്കും ഡോളറിനെതിരെ 24 രൂപ 24 പൈസ എന്ന നിലയിലേക്ക് എത്തി.
തൊണ്ണൂറുകളിലെ നവ ലിബറൽ ഉദാരവൽകരണ സാമ്പത്തിക നയങ്ങൾ വിനിമയ നിരക്കിലും പ്രതിഫലിക്കുകയുണ്ടായി. 1993 മുതൽ വിനിമയ നിരക്ക് നിശ്ചയിക്കുന്നതിൽ നിന്ന് ഗവണ്മെന്റ് പൂർണമായും പിന്മാറുകയും രൂപയുടെ മൂല്യം പൂർണമായും വിപണിയുമായി ബന്ധപ്പെടുത്തി നിശ്ചയിക്കാനും തുടങ്ങി. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഗവണ്മെന്റ് വിദേശ നാണ്യ വിപണിയിൽ ഇടപെടുന്ന ‘മാനേജ്‌ഡ് ഫ്ലോട്ടിങ്’ രീതിയാണ് ഇന്ത്യ തിരഞ്ഞെടുത്തത്.
അതിനു മുന്നോടിയായി പുത്തൻ സാമ്പത്തിക നയങ്ങളുടെ തന്നെ ഭാഗമായി രൂപയുടെ മൂല്യം ഇരുപത് ശതമാനത്തിലധികം ഡീവാല്യൂ ചെയ്യുകയും ചെയ്തു. എന്നാൽ പൂർണമായും വിപണിയുമായി ബന്ധിപ്പിച്ചതോടെ രൂപയുടെ മൂല്യം തകർന്നടിഞ്ഞു. നവലിബറൽ നയങ്ങൾ സ്വീകരിച്ച കാലത്ത് 24-25 എന്ന നിലയിൽ നിന്ന് രൂപ 2003 ആയപ്പോൾ ഡോളറിനെതിരെ 48 രൂപ എന്ന അവസ്ഥയായി.
പക്ഷെ 2003 മുതൽ 2008 വരെയുള്ള കാലഘട്ടത്തിൽ രൂപ ശക്തമായി തിരിച്ചു വന്ന കാഴ്ച നാം കണ്ടു. ഒരുപക്ഷെ രൂപ നടത്തിയ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ മുന്നേറ്റം. 2002-03 കാലഘട്ടത്തിൽ 48 രൂപ 39 പൈസ ആയിരുന്ന വിനിമയ നിരക്ക് 2007-08 ആയതോടെ 40 രൂപ 24 പൈസ എന്ന നിലയിലേക്ക് എത്തിച്ചേർന്നു. പക്ഷെ ആ മുന്നേറ്റം അണയാൻ പോകുന്നവന്റെ ആളിക്കത്തലായിരുന്നു എന്ന് കാലം പിന്നീട് തെളിയിച്ചു. ഡോളറിനെതിരേ നാൽപതു രൂപ എന്ന ശക്തമായ നിലയിൽ നിന്ന്, 2012-13 കാലഘട്ടത്തിൽ 54 രൂപ 40 പൈസയിലേക്കും പിന്നീട് 2014-15 ഇൽ 61 രൂപയിലേക്കും 2018 തുടക്കത്തിൽ 65 രൂപയിലേക്കും എത്തിച്ചേർന്നു.
1946 ൽ മൂന്നു രൂപ മുപ്പത് പൈസ ആയിരുന്ന വിനിമയ നിരക്ക് ഇന്ന് എൺപത് കടന്നു. ഇന്ത്യ എക്കാലത്തും ഇറക്കുമതിയെ ആശ്രയിച്ചു നിലനിൽക്കുന്ന രാജ്യമാണ് എന്നതാണ് ഈ വീഴ്ചയുടെ പ്രധാന കാരണം. അസംസ്കൃത എണ്ണ, സ്വർണം എന്നിവയാണ് നമ്മുടെ എക്കാലത്തും വർധിക്കുന്ന രണ്ട് പ്രധാന ഇറക്കുമതി വസ്തുക്കൾ. കുറച്ചു കാലങ്ങളായി എണ്ണ വിലയിൽ ഉണ്ടാകുന്ന വർധന ഡോളറിന്റെ ആവശ്യം വർധിപ്പിക്കുന്നുണ്ട്.
രൂപയുടെ മൂല്യം കുറയുന്നു എന്ന വാർത്ത വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യ വിട്ടുപോകാൻ കാരണമാകും. അവർ നിക്ഷേപങ്ങൾ (കൂടുതലായും സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങൾ) പിൻവലിച്ചു കൊണ്ടുപോകുന്നത് ഡോളർ കറൻസിയിൽ ആയതിനാൽ ഇത് വീണ്ടും ഡോളറിന്റെ ആവശ്യകത കൂട്ടുകയും തന്മൂലം രൂപയുടെ മൂല്യം കൂടുതൽ ഇടിയുകയും ചെയ്യും. ആഗോള സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങൾ, പ്രത്യേകിച്ചും ഏഷ്യൻ മേഖലയിലെ രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്നങ്ങളും രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കം കൂട്ടാൻ കാരണമാകുന്നുണ്ട്.
റിസർവ് ബാങ്കിന്റെ സജീവമായ ഇടപെടലാണ് ഈ അവസ്ഥയിൽ രൂപയുടെ മൂല്യം പിടിച്ചു നിർത്താൻ ആവശ്യം. ഇത്തരം സാഹചര്യത്തിൽ റിസർവ് ബാങ്ക് അവരുടെ കൈവശമുള്ള ഡോളർ ശേഖരത്തിൽ നിന്ന് വിപണി നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഡോളർ വിൽക്കുകയാണ് പതിവ്. തന്മൂലം വിപണി വില റിസർവ് ബാങ്ക് ഡോളർ നൽകുന്ന കുറഞ്ഞ നിരക്കിലേക്ക് എത്തുകയും ചെയ്യും.
ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെ അപേക്ഷിച്ച് ഡിമാൻഡ് ആൻഡ് സപ്ലൈ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ഡോളറിന് ഉയർന്ന ഡിമാൻഡ് ഉണ്ടാകുമ്പോൾ, രൂപയുടെ മൂല്യം കുറയുന്നു. ഇത് തിരിച്ചും അങ്ങനെയാണ്. 2022 ആരംഭം മുതൽ തന്നെ രൂപ ദുർബലമായിട്ടുണ്ട്. റഷ്യ-ഉക്രെയ്ൻ യുദ്ധം അന്തരാഷ്ട്ര തലത്തിലുള്ള വിതരണ ശൃഖലയെ ബാധിച്ചതും , നാണയപ്പെരുപ്പവും , ക്രൂഡ് ഓയിൽ വില ഉയർന്നതും രൂപയെ ബാധിച്ചിട്ടുണ്ട്.
കയറ്റുമതിയെക്കാൾ കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഒരു രാജ്യം കയറ്റുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇറക്കുമതി ചെയ്താൽ, ഡോളറിന്റെ ഡിമാൻഡ് കൂടുതലായിരിക്കും. അതായത് വ്യാപാരങ്ങൾ കൂടുതലും ഡോളറിലാണ് നടക്കുന്നത്. അങ്ങനെ വരുമ്പോൾ ഡോളറിനെതിരെ ആഭ്യന്തര കറൻസിയുടെ മൂല്യം കുറയും.
മറ്റൊരു പ്രധാന കാരണം, രാജ്യത്തെ വിദേശ നിക്ഷേപങ്ങളിൽ ഉണ്ടായ പിൻവലിയൽ ആണ്. ഈ വർഷം 30 ബില്യൺ ഡോളറിലധികം മൂല്യമുള്ള വിദേശ നിക്ഷേപങ്ങൾ പിൻവലിക്കപ്പെട്ടതിനാൽ ആഭ്യന്തര വിപണികളിൽ വിദേശ നിക്ഷേപം കുറഞ്ഞിട്ടുണ്ട്. വിദേശ നിക്ഷേപങ്ങൾ കുറഞ്ഞത് രൂപയുടെ ഇടിവിന് കാരണമായിട്ടുണ്ട് എന്ന് വിദഗ്ധർ പറയുന്നു.
രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലേക്ക് എത്തിയതോടെ അധികാര കേന്ദ്രങ്ങൾ ചില നടപടികൾ സ്വീകരിച്ചു. സ്വർണത്തിന്റെ കസ്റ്റംസ് തീരുവ വർദ്ധിപ്പിച്ചു, പെട്രോൾ, ഡീസൽ, എടിഎഫ് എന്നിവയുടെ കയറ്റുമതിയുടെ നികുതി വർദ്ധന എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്വർണത്തിന്റെ ഇറക്കുമതി നികുതി 7.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായും ഉയർത്തി. ഇറക്കുമതി നിയന്ത്രിക്കുന്നതിനും , കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഇറക്കുമതി വെട്ടിക്കുറയ്ക്കാനും , രൂപയുടെ മൂല്യം ഉയർത്താനും ഭാവിയിൽ തദ്ദേശീയ വസ്തുക്കളുടെ ഉപയോഗം കൂടുതൽ ശക്തമായി സർക്കാർ പ്രോത്സാഹിപ്പിച്ചേക്കാം.
രൂപയുടെ മൂല്യശോഷണം സംഭവിക്കുമ്പോള്‍ വ്യാപാര കമ്മി കൂടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നത്. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തണമെങ്കില്‍ കൂടുതല്‍ വിദേശനാണ്യം എത്തേണ്ടതുണ്ട്. നമ്മുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഗണ്യമായി ആശ്രയിക്കുന്നത് വിദേശ മൂലധനത്തെയാണ്. അതുകൊണ്ട് റിസര്‍വ് ബാങ്ക് എങ്ങനെയാണ് രൂപയുടെ മൂല്യത്തെ പിടിച്ചുനിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കുന്നത് എന്നതാണ് വിപണി ഉറ്റുനോക്കുന്നത്.
വിനിമയത്തിൽ കർശന നിയന്ത്രങ്ങൾ എർപ്പെടുത്തുകയാണ് മറ്റൊരു മാർഗം. എന്നാൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാൻ സാധ്യതയുണ്ട്. ഇറക്കുമതിയിലുള്ള ആശ്രയത്വം കുറയുകയും , കയറ്റുമതി കൂട്ടുകയും നമ്മുടെ കയറ്റുമതി ഉത്പന്നങ്ങൾ വിദേശ വിപണികളിൽ കൂടുതൽ പ്രിയപ്പെട്ടതാക്കുകയുമാണ് രൂപയുടെ മൂല്യമുയർത്താനുള്ള ശാശ്വത പരിഹാരം. അത്തരത്തിലുള്ള നല്ല നാളെക്കായി കാത്തിരിക്കാം...
Post a Comment