Not Job But High Salary.UAE Mega offer

Not Job But High Salary.UAE Mega offer

 



യുഎഇ ഭരണകൂടത്തിന്റെ വമ്പന്‍ ഓഫര്‍; ഒരു വര്‍ഷം ജോലി ചെയ്യേണ്ട... ശമ്പളം കൈയ്യില്‍ തരും!! പക്ഷേ...


വലിയ തുക ശമ്പളം വാങ്ങാന്‍ ആഗ്രഹമില്ലാത്തവര്‍ ആരുമുണ്ടാകില്ല. ശമ്പളം കൂടുന്നതിന് അനുസരിച്ച് ഉത്തരവാദിത്തവും കൂടുമെന്നത് മറ്റൊരു കാര്യം. ജോലി ചെയ്യാതെ ശമ്പളം വാങ്ങാന്‍ ഇഷ്ടമുള്ള കുഴിമടിയന്മാരും നിരവധിയാണ്. കൃത്യമായി ജോലി ചെയ്യാതെ ഡ്യൂട്ടി ടൈമില്‍ 'തിരിഞ്ഞുകളിക്കുന്ന'വരും ഒട്ടേറെ.

ഇത്തരക്കാര്‍ക്കെല്ലാം കൗതുകമുണര്‍ത്തുന്ന വാര്‍ത്തയാണ് യുഎഇയില്‍ നിന്ന് വന്നിരിക്കുന്നത്. പുതിയ വര്‍ഷം ജോലി ചെയ്യാതെ ശമ്പളം നല്‍കാന്‍ യുഎഇ ഭരണകൂടം തീരുമാനിച്ചിരിക്കുന്നു. ഇത് എല്ലാവര്‍ക്കുമില്ല. വിശദാംശങ്ങള്‍ ഇങ്ങനെ...

യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പുതിയ ഓഫര്‍. ഇവര്‍ക്ക് ഒരു വര്‍ഷം ജോലി ചെയ്യാതെ ശമ്പളം നല്‍കാന്‍ ഭരണകൂടം തയ്യാറാണ്. എന്നാല്‍ ഈ ഒരു വര്‍ഷക്കാലത്തിനിടെ പുതിയ സംരംഭം തുടങ്ങണം. പുതിയ സംരംഭം തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് വേണ്ടിയാണ് ശമ്പളത്തോടെയുള്ള അവധി സര്‍ക്കാര്‍ നല്‍കുന്നത്. ഇതിന് പിന്നില്‍ മറ്റൊരു ലക്ഷ്യമുണ്ട്.

2023 ജനുവരി രണ്ട് മുതലാണ് പുതിയ പദ്ധതി നടപ്പാക്കുക. സ്വന്തമായി ബിസിനസ് ആരംഭിക്കാന്‍ താല്‍പ്പര്യമുള്ള ഒട്ടേറെ പേര്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഈ അവസരം ഉപയോഗപ്പെടുത്തി സംരംഭകരാകാം. വരുമാനം ഇരട്ടിയാക്കുകയും ചെയ്യാം. സര്‍ക്കാര്‍ ജോലി കാരണം പുതിയ ബിസിനസ് തുടങ്ങാന്‍ കഴിയുന്നില്ല എന്ന പരാതി ഇനി വേണ്ട.

യുഎഇയിലെ പൗരന്മാര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ഈ ഇളവ് നല്‍കുന്നത്. രാജ്യം സംരംഭകരുടെ കേന്ദ്രമാക്കി മാറ്റുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. കഴിഞ്ഞ ജൂലൈ മാസത്തില്‍ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ആണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. പ്രൊജക്ട് ഓഫ് ദി 50 എന്ന പദ്ധതിയുടെ ഭാഗമാണിത്. ലോകത്ത് ആദ്യമായിട്ടാണ് ഒരു രാജ്യം ഇങ്ങനെ ഓഫര്‍ ചെയ്യുന്നത്.

ജോലി ചെയ്യാതിരിക്കുന്ന ഒരു വര്‍ഷം മുഴുവന്‍ ശമ്പളം സര്‍ക്കാര്‍ നല്‍കില്ല എന്നതും എടുത്തു പറയണം. പകുതി ശമ്പളമാണ് നല്‍കുക. ജോലി ചെയ്യുന്ന ഓഫീസിലെ മേലധികാരിയുടെ അനുമതിയോടെയാണ് ലീവ് അനുവദിക്കുക. യുവാക്കളെ സംരംഭകരാക്കാന്‍ പ്രേരണ നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് ഈ പ്രഖ്യാപന വേളയില്‍ എടുത്തു പറഞ്ഞിരുന്നു.

യുഎഇയിലെ പ്രധാന സ്വകാര്യ കമ്പനികളുടെ സഹകരണം ഇത്തരം വ്യക്തികള്‍ക്ക് ലഭിക്കും. കൂടുതല്‍ സംരംഭകരുണ്ടായാല്‍ മാത്രമേ രാജ്യം പുരോഗതി പ്രാപിക്കൂ എന്നാണ് യുഎഇ ഭരണകര്‍ത്താക്കളുടെ നിലപാട്. അതേസയം, ഒരു വര്‍ഷത്തേക്കുള്ള ലീവ് എടുക്കുന്നവരെ സര്‍ക്കാര്‍ പ്രത്യേകം നിരീക്ഷിക്കും. ഇവര്‍ ലക്ഷ്യ പൂര്‍ത്തീകരണത്തിന് വേണ്ടി പരിശ്രമിക്കുന്നുണ്ടോ എന്നാണ് നിരീക്ഷിക്കുക. ഇവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കുകയും ചെയ്യും.

Post a Comment

Previous Post Next Post

 



Advertisements