കുറഞ്ഞ വിലയ്ക്ക് 5ജി ഫോണുകളുമായി ജിയോ! 2021ൽ സംഭവിക്കുക മറ്റൊരു ഡിജിറ്റൽ വിപ്ലവം!

കുറഞ്ഞ വിലയ്ക്ക് 5ജി ഫോണുകളുമായി ജിയോ! 2021ൽ സംഭവിക്കുക മറ്റൊരു ഡിജിറ്റൽ വിപ്ലവം!

  മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഒരു കൂട്ടം പദ്ധതികളാണ് അവതരിപ്പിക്കാൻ പോകുന്നത്. വരാനിരിക്കുന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ (എജിഎം) പുതിയ ഉൽപന്നങ്ങളും സേവനങ്ങളും പുറത്തിറക്കുമെന്നാണ് കരുതുന്നത്. ഫെയ്സ്ബുക്, ഗൂഗിള്‍ തുടങ്ങിയ ആഗോള ടെക്‌നോളജി ഭീമന്മാരില്‍ നിന്നടക്കം നിക്ഷേപം സ്വീകരിച്ച് ജിയോ അടുത്ത അങ്കത്തിനായി ഗോദയിലേക്ക് ഇറങ്ങുകയാണ്. ഇന്ത്യ ഒരു ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയാകാന്‍ ഒരുങ്ങുന്ന ഈ വേളയില്‍ നിരവധി ടെക്‌നോളജി ഉൽപന്നങ്ങളായിരിക്കും ജിയോ അവതരിപ്പിക്കുക.
'മെയ്ഡ് ഇന്‍ ഇന്ത്യ' മുതല്‍ പല ബാനറുകളും പതിപ്പിച്ചായിരിക്കും ജിയോയുടെ ഉല്‍പന്നങ്ങള്‍ അണിനിരക്കുക എന്നത് എതിരാളികളെ കുറച്ചൊന്നുമല്ല പേടിപ്പിച്ചിരിക്കുന്നത്. ഇവയില്‍ പ്രധാനപ്പെട്ടത് അടുത്ത തലമുറ ടെലികോം സാങ്കേതികവിദ്യയായ 5ജി നെറ്റ്‌വർക്കും അനുബന്ധ ഉൽപന്നങ്ങളുമായിരിക്കും. 5ജി നെറ്റ്‌വർക്ക് ലഭ്യമാക്കുമ്പോൾ തന്നെ അത് ഉപയോഗിക്കാനുള്ള ഉൽപന്നങ്ങളും കുറഞ്ഞ നിരക്കിൽ ജിയോ ഉറപ്പുവരുത്തിയേക്കും.


കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ (എജിഎം) ജിയോ 5 ജി ഫോൺ അവതരിപ്പിക്കുമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ പറയുന്നത്. 2021 ന്റെ രണ്ടാം പകുതിയിൽ, മിക്കവാറും ഓഗസ്റ്റിലോ സെപ്റ്റംബറിലോ ആയിരിക്കും ഇത് നടക്കുക. ചടങ്ങിൽ റിലയൻസ് ജിയോബുക്ക് എന്ന പുതിയ ലാപ്‌ടോപ്പ് പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. റിലയൻസ് ജിയോബുക്കിന്റെ സവിശേഷതകളും രൂപകൽപനയും നേരത്തെ പുറത്തുവന്നിരുന്നു.
എന്നാൽ, റിലയൻസ് ജിയോയുടെ 5ജി ഫോൺ സംബന്ധിച്ച് കുറച്ച് വിവരങ്ങൾ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും ജിയോയുടെ 5ജി ഫോണുകൾ അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. ജിയോയുടെ 5ജി ഫോൺ കേവലം 2500 രൂപയ്ക്ക് ലഭ്യമായേക്കുമെന്നാണ് ചിലർ പ്രവചിക്കുന്നത്. ഈ വില നോക്കുമ്പോൾ ഫോണിന്റെ ഫീച്ചറുകൾ എൻട്രി ലെവൽ ആയിരിക്കുമെന്ന് കരുതാം. ഇത് ക്വാൽകോമിന്റെ 4xx സീരീസ് അല്ലെങ്കിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത ചെലവ് കുറഞ്ഞ മീഡിയടെക് 5ജി ചിപ്‌സെറ്റ് ആകാനും സാധ്യതയുണ്ട്.
റിലയൻസ് ജിയോബുക്ക് ഫീച്ചറുകൾ
എജിഎം ചടങ്ങിൽ അവതരിപ്പിക്കാൻ പോകുന്ന മറ്റൊരു ഉൽപന്നം ജിയോബുക്ക് ആയിരിക്കും. വിൻഡോസ് / ലിനക്സ് പോലുള്ള എക്സ് 86 ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ അടിസ്ഥാനമാക്കിയായിരിക്കില്ല റിലയൻസ് ജിയോബുക്ക് എന്നാണ് വിദഗ്ധർ പറയുന്നത്. പകരം, ഇതൊരു ആൻഡ്രോയിഡ് വേർഷൻ ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക എന്നും പ്രതീക്ഷിക്കുന്നു. സ്നാപ്ഡ്രാഗൺ എക്സ് 12 എൽടിഇ മോഡം സംയോജിപ്പിച്ച് ക്വാൽകോം സ്നാപ്ഡ്രാഗൺ 665 ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന ഒന്നായിരിക്കും ഇത്.
സ്ക്രീൻ 1366 × 768 റെസലൂഷനായിരിക്കും. 2 ജിബി എൽപിഡിഡിആർ 4 എക്സ് റാമും 32 ജിബി ഇഎംഎംസി സ്റ്റോറേജും റിലയൻസ് ജിയോബുക്കിൽ ഉൾപ്പെടുത്തിയേക്കും. ഉയർന്ന ഫീച്ചറുകളുള്ള വേരിയന്റിന് 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വരെ ഉണ്ടായേക്കാം. മിനി എച്ച്ഡിഎംഐ കണക്റ്റർ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവയും അതിലേറെയും കണ്ടേക്കാം.
സൂപ്പര്‍ ആപ്പായി വാട്‌സാപ്പിനെ വാഴിക്കുമോ?
ചൈനയിലുള്ള സൂപ്പര്‍ ആപ് ആണ് 'വീചാറ്റ്'. ചൈനക്കാര്‍ക്ക് വീചാറ്റില്‍ നിന്നു പുറത്തിറങ്ങേണ്ടി വരാറില്ല. വാട്‌സാപ് മോഡല്‍ സമൂഹ മാധ്യമ ചാറ്റ് മുതല്‍ ആമസോണും ഫ്‌ളിപ്കാര്‍ട്ടും പോലത്തെ ഇകൊമേഴ്‌സും, ഗൂഗിള്‍ പേ പോലത്തെ പണമടയ്ക്കലും തുടങ്ങി വേണ്ടതെല്ലാം കുത്തിനിറച്ചാണ് വീചാറ്റ് അവിടെ വാഴുന്നത്. ഇന്ത്യയില്‍ അത്തരത്തിലൊരു ആപ് ഇറക്കുക എന്നത് അംബാനിയുടെ സ്വപ്നമാണ്. ഇപ്പോള്‍ത്തന്നെ ഇന്ത്യയില്‍ 40 കോടിയോളം ഉപയോക്താക്കളുള്ള വാട്‌സാപ്പിനെ തന്നെ സൂപ്പര്‍ ആപ്പായി വാഴിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇത്തരമൊരു പ്രഖ്യാപനവും എജിഎമ്മിൽ നടക്കുമോ എന്നാണ് ചിലർ ചോദിക്കുന്നത്. ഫെയ്‌സ്ബുക്കിന് ജിയോയുടെ ഓഹരി വിറ്റശേഷം, ഫെയ്‌സ്ബുക്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ് ഉപയോഗിച്ച് ഇരു കമ്പനികളും ചേര്‍ന്ന് കൂട്ടുകച്ചവടം നടത്താനുള്ള സാധ്യത ഒന്നുകൂടെ തെളിഞ്ഞിരിക്കുകയാണ്. വാട്‌സാപ്പിന് ഇപ്പോള്‍ പണമിടപാടുകള്‍ നടത്താനുള്ള അനുമതിയും ലഭിച്ചുകഴിഞ്ഞു. വാട്‌സാപ് അല്ലെങ്കില്‍ പുതിയൊരു സൂപ്പര്‍ ആപ് ഇറക്കിയേക്കും. അത് വിജയിപ്പിച്ചെടുക്കുക എന്നത് എളുപ്പമായിരിക്കില്ലെന്ന തോന്നലാകാം വാട്‌സാപ്പിനെ ഉപയോഗിക്കാനുള്ള നീക്കത്തിനു പിന്നില്‍. ഇരു കമ്പനികള്‍ക്കും ഉപയോക്താക്കളില്‍ നിന്ന് ഡേറ്റയുടെ കുത്തൊഴുക്കും പ്രയോജനപ്പെടുത്താന്‍ സാധിച്ചേക്കും.
5ജി ആദ്യം കൊണ്ടുവരിക ജിയോ
ഇന്ത്യയുടെ 5ജി സ്‌പെക്ട്രം ലേലം വൈകാതെ തന്നെ നടക്കും. അടുത്തിടെ നടന്ന ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസില്‍ ഇന്ത്യയെ 2ജി മുക്തമാക്കുമെന്ന് 'ആണയിട്ടു' കഴിഞ്ഞു. ഈ പരിപാടിയുടെ അടുത്ത ദിവസം തന്നെ 5ജി സ്‌പെക്ട്രം ലേലം വേഗത്തിലാക്കുമെന്നും സർക്കാരും അറിയിച്ചിരുന്നു. ഏകദേശം 30 കോടിയോളം ആളുകള്‍ ഇപ്പോഴും ഇന്ത്യയിയില്‍ 2ജി ഉപയോഗിക്കുന്നുണ്ട്. ഇവരെ ഒപ്പം കൂട്ടാനാണ് മുകേഷ് അംബാനി ശ്രമിക്കുന്നത്. ഇവരിലേറെയും എയര്‍ടെല്ലിന്റെയും വോഡഫോണ്‍ ഐഡിയയുടെയും വരിക്കാരാണ്. വിലകുറഞ്ഞ ഹാന്‍ഡ്‌സെറ്റുകളും അതിവേഗ നെറ്റ്‌വര്‍ക്കുമായി നിരാകരിക്കാനാകാത്ത ഓഫറുകളുമായി ആയിരിക്കും ജിയോ അവരെ സമീപിക്കുക. രാജ്യം 4ജിയില്‍ നിന്ന് 5ജിയിലേക്ക് മാറുമ്പോൾ ഉപയോക്താക്കളില്‍ വലിയൊരു വിഹിതത്തെ ഒപ്പം കൂട്ടാമെന്നായിരിക്കണം അംബാനി കരുതുന്നത്.
ജിയോയുടെ എതിരാളികള്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണെങ്കില്‍, അംബാനിയുടെ നെറ്റ്‌വര്‍ക്ക് അമേരിക്കന്‍ കമ്പനിയായ ക്വാല്‍കമുമായി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തന്നെ 5ജി ട്രയല്‍ തുടങ്ങിയിരുന്നു. സെക്കന്‍ഡില്‍ 1ജിബി വരെ സ്പീഡ് കൈവരിക്കാനായി എന്നാണ് കമ്പനിയുടെ അവകാശവാദം. ഇപ്പോൾ ഇന്ത്യ 5ജിക്കു സജ്ജമല്ലെന്നു പറഞ്ഞ എയര്‍ടെല്‍ മേധാവിയുടെ വായടപ്പിച്ചുകൊണ്ട് അന്ന് അംബാനി പറഞ്ഞത് 2021 രണ്ടാം പകുതിയില്‍ രാജ്യത്തെ 5ജി വിപ്ലവം തുടങ്ങുമെന്നാണ്.
ഇകൊമേഴ്‌സ്
രാജ്യത്ത് ഇപ്പോൾ കൊടികുത്തി വാഴുന്നത് ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ അമേരിക്കന്‍ ഉടമസ്ഥതിയിലുള്ള ഇകൊമേഴ്‌സ് കമ്പനികളാണ്. ഇവരെ നേരിടാനാണ് വാട്‌സാപ്പിനെ സൂപ്പര്‍ ആപ്പായി വികസിപ്പിച്ചെടുക്കുന്നത്. ജയോമാര്‍ട്ടിലൂടെ മികച്ച ഓഫറുകള്‍ നല്‍കി ഉപയോക്താക്കളെ അടുപ്പിച്ചെടുക്കാനാണ് കമ്പനിയുടെ ഉദ്ദേശം. വാട്‌സാപ്പില്‍ ഒരു സ്മാര്‍ട് അസിസ്റ്റന്റിനെ അവതരിപ്പിച്ചേക്കുമെന്നു പറയുന്നു. നിങ്ങളുടെ ഓര്‍ഡറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ട്രാക്കു ചെയ്തു പറഞ്ഞു തരും. ജിയോമാര്‍ട്ട് ഒരു മിനി ആപ്പായി വാട്‌സാപ്പില്‍ കയറിക്കൂടിയേക്കും. വാട്‌സാപ്പിന്റെ 40 കോടി ഉപയോക്താക്കളിലേക്ക് ചാടിക്കയറിച്ചെല്ലാനാകുക എന്നത് ചെറിയൊരു നേട്ടമൊന്നുമല്ല.

Post a Comment

أحدث أقدم

 



Advertisements