വാഹനമോടിക്കാം, അഞ്ചു പൈസ ചെലവില്ലാതെ!!

വാഹനമോടിക്കാം, അഞ്ചു പൈസ ചെലവില്ലാതെ!!

അത്ഭുതപ്പെടേണ്ട. സംഗതി സിംപിളാണ്. ഇലക്ട്രിക് വാഹനവും സോളർ പ്ലാന്റുമുണ്ടെങ്കിൽ യാത്രാ ചെലവ് ഭാരമാവുകയേയില്ല. പെട്രോൾ, ഡീസൽ വില വർധനയിൽ വിയർത്തു നിൽക്കുന്നവർക്ക് ഇലക്ട്രിക് വാഹനങ്ങൾ നൽകുന്ന ആശ്വാസം ചെറുതല്ല. ഇലക്ട്രിക് സ്കൂട്ടറുകളും കാറുകളും ഓട്ടോകളുമെല്ലാം വിപണിയിൽ തരംഗമായി മാറുകയാണ്. താരതമ്യേന ശേഷി കുറഞ്ഞ ലെഡ് ആസിഡ് ബാറ്ററികൾക്കു പകരം ലിഥിയം അയോൺ ബാറ്ററികൾ എത്തിയതോടെയാണ് ഇലക്ട്രിക് വാഹനങ്ങ ളുടെ തലവര മാറിയത്.


ഒറ്റ ചാർജിൽ 60 മുതൽ 120 വരെ കിലോമീറ്റർ ദൂരം സഞ്ചരിക്കാവുന്ന സ്കൂട്ടറുകൾ വിപണിയിലുണ്ട്. വീട്ടിലെ സാധാരണ പ്ലഗ്ഗിൽ കണക്ട് ചെയ്തുപോലും ചാർജ് ചെയ്യാം. ഫുൾ ചാർജാവാൻ വേണ്ടത് 4 – 5 മണിക്കൂർ. വൈദ്യുതി ഉപയോഗം വളരെക്കുറവ്. ബാറ്ററിക്ക് മൂന്നു വർഷം വരെ റിപ്ലേസ്മെന്റ് വാറണ്ടി. എങ്ങനെ നോക്കിയാലും ലാഭകരമാണ് ഇലക്ട്രിക് സ്കൂട്ടറുകൾ. വീട്ടിൽ നിന്നോ ചാർജിങ് സ്റ്റേഷനുകളിൽ നിന്നോ ചാർജ് ചെയ്യുമ്പോൾ യാത്രാ ചെലവ് കിലോമീറ്ററിന് ഏകദേശം 50 പൈസ ! ഇനിയത് വീട്ടിലെ സോളർ പ്ലാന്റിൽ നിന്നാണെങ്കിലോ? ചെലവ് പൂജ്യം! ഒരു കിലോവാട്ടുള്ള സോളർ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ചെലവ് ഓൺഗ്രിഡിന് ഏകദേശം 65000 രൂപ,  ഓഫിഗ്രിഡിന് 80000 രൂപ എന്നിങ്ങനെ ലഭ്യമാകാൻ (കമ്പനികൾക്ക് അനുസൃതമായി മാറ്റം വരാം) തുടങ്ങിയതോടെ ഇലക്ട്രിക് വാഹനങ്ങൾക്കൊപ്പം സോളർ പ്ലാന്റും എന്ന സാധ്യത പ്രയോജനപ്പെടുത്താൻ കൂടുതൽപ്പേർ മുന്നോട്ടുവരുന്നുണ്ട്.

ഹീറോ ഇലക്ട്രിക്, ഒഖിനാവ, ടിവിഎസ്, ബജാജ്, ആതർ എനർജി, ആംപിയർ, പ്യു‍ർ ഇവി, ബെൻ‌ലിങ് തുടങ്ങി ഒട്ടേറെ കമ്പനികളാണ് ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ സജീവമായിരിക്കുന്നത്. പെട്രോൾ സ്കൂട്ടറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ സർവീസ് ആവശ്യമില്ലെന്നതും മികച്ച വാറണ്ടി ലഭിക്കുന്നുവെന്നതും ഉപഭോക്താവിന് നേട്ടമാണ്. 40 കിലോമീറ്ററിൽ താഴെ വേഗമുള്ളവയ്ക്കാണെങ്കിൽ റജിസ്ട്രേഷനും ആവശ്യമില്ല. 

ആദ്യകാല ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ച് ഉപേക്ഷിക്കേണ്ടി വന്നവരുടെ അനുഭവങ്ങൾ പലരെയും പിന്നോട്ടടിപ്പിച്ചിരുന്നു. എന്നാൽ ഇന്ധന വിലയിലെ കുതിച്ചു കയറ്റം പുതുതലമുറയിലെ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ഉപഭോക്താക്കളെ നിർബന്ധിതരാക്കി. സംസ്ഥാനത്ത് കെഎസ്ഇബി നേരിട്ട് ചാർജിങ് സ്റ്റേഷനുകൾ ആരംഭിച്ചതോടെ ഇലക്ട്രിക് കാറുകൾ വാങ്ങാനും കൂടുതൽ പേർ മുന്നോട്ടു വരുന്നുണ്ട്. ടാറ്റ നെക്സോൺ, ടാറ്റ ടിഗോർ, മഹീന്ദ്ര വെരീറ്റോ, ഹ്യുണ്ടായ് കോന, എംജി സെഡ്എക്സ് തുടങ്ങി മുൻനിര കമ്പനികളെല്ലാം ഇലക്ട്രിക് മോഡലുകൾ വിപണിയിലെത്തിച്ചതോടെ കാർ വിപണിയിലും മത്സരം മുറുകുകയാണ്. ഒറ്റ ചാർജിങ്ങിൽ 400 കിലോമീറ്റർ വരെ ഓടാവുന്ന കാറുകൾ വിപണിയിലുണ്ട്. മട്ടന്നൂരിൽ സംസ്ഥാന സർക്കാർ തന്നെ ഇലക്ട്രിക് വാഹന നിർമാണ കേന്ദ്രം തുടങ്ങുമെന്ന പ്രഖ്യാപനവും പ്രതീക്ഷ പകരുന്നതാണ്.ശബ്ദമോ കുലുക്കമോ ഇല്ലാതെ ശാന്തമായി ഓടുന്ന ഇലക്ട്രിക് ഓട്ടോകളും ജനപ്രിയമായിക്കഴിഞ്ഞു.


രാജ്യത്തെമ്പാടും ഇലക്ട്രിക് വിപ്ലവം


പെട്രോൾ വാഹനങ്ങൾ ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറാൻ ഡൽഹിയിൽ ‘സ്വിച്ച് ഡൽഹി’ എന്ന പേരിൽ പ്രചാരണം തുടങ്ങിയിരിക്കുകയാണ്.ബൈക്കിന് ഒരു കിലോവാട്ട് ബാറ്ററിക്കു 5000 രൂപയെന്ന നിലയിൽ പരമാവധി 30,000 രൂപ വരെ സബ്സിഡി നൽകുന്നുണ്ട്. പഴയ സാധാരണ ബൈക്ക് ഡീ–റജിസ്റ്റർ ചെയ്തു പുതിയ ഇ–ബൈക്ക് വാങ്ങുന്നവർക്ക് 5000 രൂപയുടെ അധിക ആനുകൂല്യവും പ്രഖ്യാപിച്ചു.


ബെംഗളൂരുവിൽ ഇ–വാഹന ചാർജിങ്ങിന് സ്വാപ്പിങ് നെറ്റ്‌വർക് തുടങ്ങുന്നത് ചാർജിങ് സമയത്തെക്കുറിച്ചുള്ള ആശങ്കകൾക്കും വിരാമമിടുന്ന നടപടിയാണ്. 110 സ്വാപ്പിങ് സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ തുറക്കുന്നത്. സൺ മൊബിലിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ബെംഗളൂരുവിലെ ആദ്യ ബാറ്ററി സ്വാപിങ് സ്റ്റേഷൻ മുഖ്യമന്ത്രി യെഡിയൂരപ്പ ഡിസംബറിൽ ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക് വാഹനങ്ങൾക്കായി ബെംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ‍ ബെസ്കോം പലയിടങ്ങളിലായി ചാർജിങ് സ്റ്റേഷനുകൾ തുറന്നിട്ടുണ്ട്. എന്നാൽ‌ കുറഞ്ഞതു 15 മിനിറ്റെങ്കിലും ചാർജിങ്ങിനു വേണ്ടിവരുമെന്നത് പോരായ്മയാണ്. വാഹനത്തിലെ ബാറ്ററി മാറ്റി പകരം പൂർണമായും‍ ചാർജുള്ള ബാറ്ററി 2 മിനിറ്റിനകം ഘടിപ്പിക്കുന്നതാണ് ബാറ്ററി സ്വാപ്പിങ്. മറ്റു വാഹനങ്ങൾ പെട്രോൾ പമ്പിൽ കയറുന്നതുപോലെ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കും കാത്തിരിപ്പില്ലാതെ യാത്ര തുടരാം.


ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേകം ചാർജിങ് സ്റ്റേഷനുകൾക്കു പകരം രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ഇലക്ട്രിക് വാഹന ചാർജിങ് കിയോസ്ക് സ്ഥാപിക്കാൻ ഗതാഗത മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫെയിം (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ) പദ്ധതിയുടെ ഭാഗമായാണ് ഇത്.

കടപ്പാട് മനോരമ

Post a Comment

Previous Post Next Post

 



Advertisements