കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ് വഴി നൽകുന്ന അഞ്ച് ക്ഷേമ പെൻഷൻ പദ്ധതികൾ ഏതെല്ലാം?

കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ് വഴി നൽകുന്ന അഞ്ച് ക്ഷേമ പെൻഷൻ പദ്ധതികൾ ഏതെല്ലാം?

👉📌1. വാർധക്യകാല പെൻഷൻ:ഈ പെന്‍ഷൻ പദ്ധതി പ്രകാരം അർഹരായവർക്ക് പ്രതിമാസം 1,200 രൂപ പെൻഷനായി ലഭിക്കും. താമസിക്കുന്ന സ്ഥലത്തെ ഗ്രാമപഞ്ചായത്ത്/ നഗരസഭാ സെക്രട്ടറിക്കാണ് അപേക്ഷ നൽകേണ്ടത്. കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ കവിയരുത്. 60 വയസ്സു പൂർത്തിയായവരായിരിക്കണം. കേരള സംസ്ഥാനത്ത് മൂന്നു വർഷമെങ്കിലും സ്ഥിരമായി താമസിക്കുന്നവരുമാകണം.
✨നിശ്ചിത ഫോമിലുള്ള അപേക്ഷയുടെ രണ്ടു പകർപ്പുകൾ,
✨അതോടൊപ്പം പ്രായം തെളിയിക്കാൻ സ്കൂൾ രേഖകളോ, പള്ളി രേഖകളോ, ജനന സർട്ടിഫിക്കറ്റോ, തിരഞ്ഞെടുപ്പു കമ്മിഷന്റെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പോ നൽകണം.
✨ഇവ ലഭ്യമല്ലെങ്കിൽ മാത്രം സർക്കാർ സർവീസിലെ അസിസ്റ്റന്റ് സർജനിൽ കുറയാത്ത പദവിയിലുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കാം. 
✨സ്ഥിരതാമസം, തിരിച്ചറിയൽ, വരുമാനം എന്നിവ തെളിയിക്കുന്നതിനായുള്ള രേഖകളും അപേക്ഷയോടൊപ്പം ഉണ്ടാകണം. അപേക്ഷ നൽകുന്ന തീയതി മുതൽ പെൻഷന് അർഹതയുണ്ടായിരിക്കും. പ്രായപൂർത്തിയായ ആൺമക്കൾ ഉണ്ടെങ്കിലും അവരുടെ സംരക്ഷണം ഇല്ലെങ്കിൽ പെൻഷനു പരിഗണിക്കും. പെൻഷൻ കൈപ്പറ്റുന്ന ആൾ മരിച്ചാൽ കുടിശിക അനന്തരാവകാശികൾക്കു നൽകും. 75 വയസ്സു പൂർത്തിയായവർക്കു കൂടിയ നിരക്കിൽ പെൻഷൻ അനുവദിക്കും. 

📌2. വിധവകൾക്കും വിവാഹമോചിതർക്കുമുള്ള പെൻഷൻ:അർഹരായവർക്ക് പ്രതിമാസം 1,200 രൂപ പെൻഷനായി ലഭിക്കും. താമസിക്കുന്ന സ്ഥലത്തെ ഗ്രാമപഞ്ചായത്ത്/ നഗരസഭാ സെക്രട്ടറിക്കാണ് അപേക്ഷ നൽകേണ്ടത്. കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ കവിയരുത്.
✨നിശ്ചിത ഫോമിലുള്ള അപേക്ഷയുടെ രണ്ടു പകർപ്പുകൾ, 
✨വിധവയാണെങ്കിൽ ഭർത്താവിന്റെ മരണസർട്ടിഫിക്കറ്റോ, വിവാഹമോചിതയാണെങ്കിൽ വിവാഹമോചനം നേടിയതിന്റെ രേഖയോ, വില്ലേജ് ഓഫിസറിൽനിന്നുള്ള സർട്ടിഫിക്കറ്റോ.
✨അപേക്ഷ നൽകുന്ന സമയത്ത് അപേക്ഷക രണ്ടു വർഷമെങ്കിലും കേരളത്തിൽ സ്ഥിരതാമസമാണെന്നും തിരിച്ചറിയാനുമുള്ള രേഖകൾ വേണം.
✨ വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റും ഹാജരാക്കണം.
ഭർത്താവിനെ കാണാതായി ഏഴു വർഷം കഴിഞ്ഞവർക്കും പെൻഷന് അപേക്ഷിക്കാം. അതിന്റെ രേഖകൾ ഹാജരാക്കണം. 20 വയസ്സിൽ കൂടുതലുള്ള ആൺമക്കൾ ഉള്ളവർക്കും പെൻഷൻ ലഭിക്കും. പുനർവിവാഹം നടത്തിയിട്ടില്ല എന്നതിനു സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി. പെൻഷണർ മരിച്ചാൽ കുടിശിക അനന്തരാവകാശികൾക്കു ലഭിക്കും. അപേക്ഷ നൽകുന്ന തീയതി മുതൽ പെൻഷന് അർഹതയുണ്ടായിരിക്കും.
📌3. വികലാംഗ പെൻഷൻ:
അർഹരായവർക്ക് പ്രതിമാസം 1,200 രൂപ പെൻഷനായി ലഭിക്കും. താമസിക്കുന്ന സ്ഥലത്തെ ഗ്രാമപഞ്ചായത്ത്/ നഗരസഭാ സെക്രട്ടറിക്കാണ് അപേക്ഷ നൽകേണ്ടത്. കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ കവിയരുത്. അംഗവൈകല്യം സംഭവിച്ചവർ, ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയവർക്ക് അർഹതയുണ്ട്. പ്രായപരിധിയില്ല.അസ്ഥി വൈകല്യമാണെങ്കിൽ കുറഞ്ഞത് 40 ശതമാനം വേണം. അന്ധരായവർക്ക് ലെൻസ് ഉപയോഗിച്ചാലും കാഴ്ചശക്തി 6/60 അഥവാ 20/200 സ്നെല്ലനിൽ അധികമാകരുത്. ബധിരരുടെ കാര്യത്തിൽ കേൾവിശേഷി 90 ഡെസിബെലിൽ കുറഞ്ഞവർക്കാണ് അർഹത. ഐക്യു ലെവൽ അൻപതിൽ താഴെയുള്ള മാനസിക വൈകല്യമുള്ളവർക്കും അപേക്ഷിക്കാം. 
✨നിശ്ചിത ഫോമിലുള്ള അപേക്ഷയുടെ രണ്ടു പകർപ്പുകൾ,
✨സ്ഥിരതാമസം തെളിയിക്കുന്ന രേഖ, അംഗപരിമിതി തെളിയിക്കുന്ന രേഖ,
✨വരുമാനം  തെളിയിക്കാൻ വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് എന്നിവ വേണം.

കഴിഞ്ഞ രണ്ടു വർ‍ഷമായി കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം. സ്വാതന്ത്ര്യ സമരസേനാനികൾ‌ക്കുള്ള പെൻഷൻ വരുമാനമായി കണക്കാക്കില്ല. അംഗപരിമിതി 80 ശതമാനത്തിൽ കൂടിയവർക്ക് ഉയർന്ന പെൻഷന് അർഹതയുണ്ട്. സാമൂഹിക  സുരക്ഷാമിഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് ഹാജരാക്കുന്നവരോട് അംഗപരിമിതി തെളിയിക്കാൻ മറ്റു രേഖകൾ ആവശ്യപ്പെടില്ല. അപേക്ഷ നൽകിയ തീയതി മുതൽ പെൻഷന് അർഹതയുണ്ടായിരിക്കും. പെൻഷണർ മരിച്ചാൽ കുടിശിക അനന്തരാവകാശികൾക്കു ലഭിക്കും.

📌4. കർഷകത്തൊഴിലാളി പെൻഷൻ:അർഹരായവർക്ക് പ്രതിമാസം 1,200 രൂപ പെൻഷനായി ലഭിക്കും. താമസിക്കുന്ന സ്ഥലത്തെ ഗ്രാമപഞ്ചായത്ത്/ നഗരസഭാ സെക്രട്ടറിക്കാണ് അപേക്ഷ നൽകേണ്ടത്. കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ കവിയരുത്. 60 വയസ്സു പൂർത്തിയായിരിക്കണം.കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വം ഉണ്ടാകണം. അപേക്ഷിക്കുന്നതിന് തൊട്ടു മുൻ‌പ് തുടർച്ചയായി 10 വർഷമെങ്കിലും കേരളത്തിൽ സ്ഥിര താമസക്കാരായിരിക്കണം.

✨നിശ്ചിത ഫോമിലുള്ള അപേക്ഷയോടൊപ്പം കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നുള്ള വിടുതൽ സാക്ഷ്യപത്രം,
✨പ്രായം തെളിയിക്കാൻ സ്കൂൾ രേഖകളോ ,പള്ളി‌രേഖകളോ, ജനന സർട്ടിഫിക്കറ്റോ, തിരഞ്ഞെടുപ്പു കമ്മിഷന്റെ തിരിച്ചറിയൽ കാർഡോ വേണം. 
✨ഇവ ലഭ്യമല്ലെങ്കിൽ  മാത്രം സർക്കാർ സർവീസിലെ അസിസ്റ്റന്റ് സർജനിൽ കുറയാത്ത പദവിയിലുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കാം. ✨ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസമെന്നു തെളിയിക്കുന്ന രേഖയും, വരുമാന സർട്ടിഫിക്കറ്റും വേണം. 
✨അന്വേഷണ റിപ്പോർട്ടിൽ അപേക്ഷകരുടെ പേര്, വയസ്സ്, കുടുംബവരുമാനം, കുട്ടികളുടെ വിവരങ്ങൾ, ഭാര്യ/ഭർത്താവിന്റെ വിവരങ്ങൾ, ഭൂവുടമയുടെ പേര് എന്നിവ ഉണ്ടായിരിക്കണം. രണ്ടു പ്രാവശ്യം തുടർച്ചയായി തുക കൈപ്പറ്റാതിരുന്നാൽ പെൻഷൻ റദ്ദാകും. അപേക്ഷ ലഭിച്ച് അടുത്ത മാസം മുതൽ പെൻഷന് അർഹതയുണ്ട്. തോട്ടം തൊഴിലാളി നിയമത്തിന്റെ പരിധിയിൽ വരുന്ന തൊഴിലാളികൾക്ക് ഈ പെൻഷന് അർഹതയില്ല. വൃദ്ധർക്കോ, രോഗബാധിതർക്കോ വേണ്ടി നടത്തുന്ന സ്ഥാപനത്തിന്റെ സംരക്ഷണത്തിൽ കഴിയുന്നവർക്കും അർഹതയില്ല. പെൻഷണർ മരിച്ചാൽ കുടിശിക അവകാശികൾക്കു ലഭിക്കും.

📌 അവിവാഹിതകൾക്കുള്ള പെൻഷൻ:അർഹരായവർക്ക് പ്രതിമാസം 1,200 രൂപ പെൻഷനായി ലഭിക്കും. താമസിക്കുന്ന സ്ഥലത്തെ ഗ്രാമപഞ്ചായത്ത്/ നഗരസഭാ സെക്രട്ടറിക്കാണ് അപേക്ഷ നൽകേണ്ടത്. കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ കവിയരുത്. 50 വയസ്സു പൂർത്തിയായിരിക്കണം. കേരള സംസ്ഥാനത്ത് സ്ഥിരതാമസക്കാരി ആയിരിക്കണം.

✨നിശ്ചിത ഫോമിലുള്ള അപേക്ഷയുടെ രണ്ട് പകർപ്പുകൾക്കൊപ്പം തിരിച്ചറിയൽ രേഖയും വരുമാനവും പ്രായവും, അവിവാഹിതയാണെന്നും തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റും ഹാജരാക്കണം. അവിവാഹിതരായ അമ്മമാർക്കും ഈ പെൻഷന് അർഹതയുണ്ട്. 

✨അപേക്ഷാ തീയതി മുതൽ പെൻഷന് അർഹതയുണ്ട്.രണ്ടു വർഷം ഇടവേളയിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുകയോ, തിരിച്ചറിയൽ രേഖ സഹിതം നേരിട്ടു ഹാജരാകുകയോ വേണം. ഗുണഭോക്താവ് മരണമടയുന്ന‌പക്ഷം അനന്തരാവകാശികൾക്കു പെൻഷൻ കുടിശിക ലഭിക്കും 

📌 കടപ്പാട്: കേരള നിയമവേദി

Post a Comment

أحدث أقدم

Advertisements