ᴛᴇᴄʜɴᴏᴍᴏʙᴏ.ᴄᴏᴍ

ആമുഖം

ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയുടെ ഭാഗമായി 2017ൽ ഭൂരഹിത ഭവനരഹിതരുടേയും ഭൂമിയുള്ള ഭവനരഹിതരുടേയും ഗുണഭോക്തൃ പട്ടിക തയ്യാറാക്കി ഭവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കേരളത്തിൽ വിജയകരമായി നടന്നുവരുകയാണ് . ലൈഫ് 1,2 ഘട്ടങ്ങളുടെ ഭാഗമായി 2 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഇതിനോടകം ഭവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് . മൂന്നാം ഘട്ടത്തിലെ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. ആദ്യ ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയപ്പോൾ അർഹരായ ചില കുടുംബങ്ങൾ വിട്ടുപോയതായും പിന്നീട് അർഹത നേടിയ ഗുണഭോക്താക്കളെയും കുട്ടിച്ചേർക്കണമെന്ന നിരവധി ആവശ്യങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ അർഹരായ ഭൂമിയുള്ള ഭവനരഹിതരുടെയും ഭൂരഹിത ഭവനരഹിതരുടെയും ഒരു പുതിയ പട്ടിക തയ്യാറാക്കുന്നതിനു വേണ്ടിയാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത് .


പുതിയ അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ

ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് സ്വന്തമായോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ഹെല്‍പ്പ് ഡെസ്ക്കുകള്‍ വഴിയോ, അക്ഷയകേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്


വ്യക്തിഗത രജിസ്ട്രേഷൻ - നടപടി ക്രമങ്ങൾ

 നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആദ്യം രജിസ്ട്രേഷന്‍ ചെയ്യേണ്ടതാണ്.

ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു വ്യക്തിക്ക് ഒരിക്കൽ മാത്രമേ രജിസ്ട്രേഷന്‍ നടത്തുവാനും ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കുവാനും സാധിക്കുകയുള്ളൂ.
അതിലേക്കായി നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് വന്ന OTP നല്‍കി വെരിഫൈ ചെയ്യണം. ചില സമയങ്ങളിൽ ടെലികോം നെറ്റ് വര്‍ക്കിലെ തിരക്ക് കാരണം OTP ലഭിക്കുവാന്‍ കാലതാമസം ഉണ്ടായേക്കാം.ആയതിനാൽ ദയവു ചെയ്ത് OTP മെസേജ് ലഭിക്കുന്നത് വരെ കാത്തിരിക്കുക.
OTP പരിശോധന വിജയകരമായി പൂർത്തിയായിക്കഴിഞ്ഞ ശേഷം പാസ്‌വേഡ് നൽകി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുക

 രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

 അപേക്ഷ സമര്‍പ്പിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് അര്‍ഹതാ മാനദണ്ഡങ്ങളും ക്ലേശഘടകങ്ങളും വായിച്ചു മനസിലാക്കുക .

 താഴെ പറയുന്ന രേഖകള്‍ അപേക്ഷക/ അപേക്ഷകന്‍ നിർബന്ധമായും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ടതാണ്.അല്ലാത്ത പക്ഷം അപേക്ഷാ സമർപ്പണം പൂർത്തിയാക്കുവാൻ സാധിക്കുകയില്ല .

 റേഷന്‍ കാര്‍ഡ്
 ആധാര്‍ കാര്‍ഡ്
 ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്)
 വരുമാന സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസര്‍ നല്‍കിയത്)
 മാര്‍ഗ്ഗരേഖയില്‍ പറയുന്ന ക്ലേശഘടകങ്ങള്‍ പ്രകാരം മുന്‍ഗണന ലഭിക്കാന്‍ അര്‍ഹരായ കുടുംബങ്ങള്‍ അതു സംബന്ധിച്ച സാക്ഷ്യപത്രങ്ങള്‍
 റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബാംഗങ്ങളുടെ പേരില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന ഏരിയയില്‍ ഭൂമി ഇല്ലെന്ന വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രവും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന ഏരിയായിലോ മറ്റ് സ്ഥലങ്ങളിലോ കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമിയില്ലായെന്ന ഗുണഭോക്താവിന്‍റെ സാക്ഷ്യപത്രവും ഉള്ളടക്കം ചെയ്യുക(ഭൂരഹിതരുടെ കാര്യത്തിൽ മാത്രം )


അര്‍ഹതാ മാനദണ്ഡങ്ങള്‍

(എ) ഭൂമിയുള്ള ഭവനരഹിതര്‍

1. ഒരേ റേഷന്‍ കാര്‍ഡില്‍ ഉൾപ്പെട്ടവരെ ഒറ്റകുടുംബമായി പരിഗണിച്ച് ഒരു ഭവനത്തിന് മാത്രമായി പരിഗണിക്കേണ്ടതാണ്. 2020 ജൂലൈ 1 ന് മുമ്പ് റേഷന്‍ കാര്‍ഡ് ഉളള കുടുംബം. ആ റേഷന്‍ കാര്‍ഡില്‍ ഉൾപ്പെട്ട ഒരാള്‍ക്കുപോലും ഭവനം ഇല്ലാത്തവരും ആകണം. (പട്ടികജാതി/പട്ടികവര്‍ഗ്ഗ/മത്സ്യതൊഴിലാളി വിഭാഗത്തിന് ബാധകമല്ല)

2. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ഥിരജോലിക്കാരോ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവരോ ആയ അംഗങ്ങളുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്.

3. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കൂടുതലുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്.

4. ഗ്രാമപഞ്ചായത്തുകളില്‍ 25 സെന്റിലോ/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പ്രദേശത്ത് അഞ്ച് സെന്റിലേറെയോ ഭൂമി സ്വന്തമായുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്. (പട്ടികജാതി/പട്ടികവര്‍ഗ്ഗ/മത്സ്യതൊഴിലാളി വിഭാഗത്തിന് ബാധകമല്ല)

5. ഉപജീവനത്തൊഴില്‍ ഉപാധിയെന്ന നിലയ്ക്കല്ലാതെ നാലുചക്രവാഹനം സ്വന്തമായുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്.

6. അവകാശികള്‍ക്ക് വസ്തുഭാഗം ചെയ്ത സാഹചര്യത്തില്‍ സ്വന്തംപേരില്‍ സാങ്കേതികമായി ഭൂമിയില്ല എന്ന കാരണത്താല്‍ ഭൂരഹിതരായവര്‍ ഒഴിവാക്കപ്പെടേണ്ടതാണ്.

7. ജീര്‍ണ്ണിച്ചതും അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാന്‍ പറ്റാത്തതുമായ ഭവനങ്ങള്‍ (മൺഭിത്തി / കല്‍ഭിത്തി, ടാര്‍പ്പോളിന്‍, ഷീറ്റ്, തടി എന്നിവ കൊണ്ട് നിര്‍മ്മിച്ച ഭിത്തിയുള്ളതും, ഷീറ്റ്, ഓല എന്നിവയോടുകൂടിയ മേല്‍ക്കൂര ഉള്ളതുമായ ഭവനങ്ങളെ ജീര്‍ണ്ണിച്ചതും വാസയോഗ്യമല്ലാത്തതുമായ ഭവനങ്ങള്‍ എ വിഭാഗത്തില്‍ പരിഗണിക്കാം). നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപന എന്‍ജിനീയര്‍ ടി ഭവനത്തിന്റെ വാസയോഗ്യത സംബന്ധിച്ച സാക്ഷ്യപത്രം നല്‍കേണ്ടതാണ്.


ബി) ഭൂരഹിതര്‍

മുകളിലെ മാനദണ്ഡങ്ങളോടൊപ്പം താഴെ പറയുന്ന മാനദണ്ഡങ്ങള്‍ കൂടി പരിഗണിക്കണം.

1. സ്വന്തമായി ഭൂമി ഇല്ലാത്തവർ

2. റേഷൻ കാർഡിൽ പേരുള്ള കുടുംബാംഗങ്ങളുടെ പേരിൽ ഭൂമി ഇല്ലാത്തവർ

3. റേഷൻ കാർഡിൽ പേരുള്ള കുടുംബാംഗങ്ങളുടെ മൊത്തം പേരിലും കൂടി 3 സെന്റിൽ കുറവ് ഭൂമി ഉള്ളവർ ക്ലേശഘടകങ്ങളും സമർപ്പിക്കേണ്ട രേഖകളും

1. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരോ/ അന്ധരോ ശാരീരികത്തളര്‍ച്ച ബാധിച്ചവരോ ആയ കുടുംബാംഗങ്ങള്‍ ഉള്ള കുടുംബങ്ങള്‍

 സമർപ്പിക്കേണ്ട രേഖ - മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്/ അസി.സര്‍ജനില്‍ കുറയാത്ത ഡോക്ടറുടെ സാക്ഷ്യപത്രം .

2. അഗതി /ആശ്രയ പദ്ധതിയിലെ ഗുണഭോക്താക്കള്‍

 സമർപ്പിക്കേണ്ട രേഖ - CDS ചെയര്‍പേഴ്സണ്‍ അല്ലെങ്കില്‍ മെമ്പര്‍സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം .

3. 40%-ലേറെ അംഗവൈകല്യമുള്ള അംഗങ്ങള്‍ ഉള്ള കുടുംബങ്ങള്‍

 സമർപ്പിക്കേണ്ട രേഖ - മെഡിക്കല്‍ ബോര്‍ഡിന്റെ സാക്ഷ്യപത്രം .

4. ഭിന്നലിംഗക്കാര്‍

 സമർപ്പിക്കേണ്ട രേഖ - അസി.സര്‍ജനില്‍ കുറയാത്ത ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് .

5. ഗുരുതര/മാരക രോഗമുള്ള (കാന്‍സര്‍/ ഹൃദ്രോഗം/ കിഡ്‌നി തകരാറ് മുലം ഡയാലിസിസ് വിധേയരാകുന്നവര്‍/പക്ഷാഘാതം തുടങ്ങിയവ) അംഗങ്ങളുള്ള കുടുംബങ്ങള്‍

 സമർപ്പിക്കേണ്ട രേഖ - ചികിത്സിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് .

6. അവിവാഹിതരായ അമ്മമാര്‍ കുടുംബനാഥയായുള്ള കുടുംബങ്ങള്‍

 സമർപ്പിക്കേണ്ട രേഖ - വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് .

7. രോഗമോ അപകടമോ കാരണം തൊഴിലെടുത്തു ജീവിക്കാനാകാത്ത കുടുംബനാഥരായ കുടുംബങ്ങള്‍

 സമർപ്പിക്കേണ്ട രേഖ - ചികിത്സിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്/സ്വയം സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്ങ്മൂലം .

8. വിധവയായ കുടുംബനാഥയും സ്ഥിരവരുമാനമില്ലാത്ത അംഗങ്ങളുമുള്ള കുടുംബങ്ങള്‍ (25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള ആൺമക്കളുള്ള വിധവകളെ പരിഗണിക്കേണ്ടതില്ല)

 സമർപ്പിക്കേണ്ട രേഖ - വിധവ എന്നു തെളിയിക്കാന്‍ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്/ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം കൂടാതെ സ്ഥിര വരുമാനം ഉള്ളവര്‍ ഇല്ലെന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലം .

9. എച്ച്.ഐ.വി ബാധിതരായ അംഗങ്ങളുള്ള കുടുംബങ്ങള്‍.

 രേഖകൾ അപ്‌ലോഡ് ചെയ്യേണ്ട ആവശ്യമില്ല .വെരിഫിക്കേഷൻ പിന്നീട് ചെയ്യുന്നതായിരിക്കും .

Post a Comment

Previous Post Next Post

Advertisements