ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്ന പുതിയ വാർഷിക പ്ലാനുമായി ജിയോ

ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്ന പുതിയ വാർഷിക പ്ലാനുമായി ജിയോ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോ ഉപയോക്കാക്കൾക്കായി പുതിയ വാർഷിക പ്ലാൻ പ്രഖ്യാപിച്ചു. 2399 രൂപ വിലയുള്ള പുതിയ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുക. ഈ വാർഷിക പ്ലാനിനൊപ്പം കമ്പനി മൂന്ന് ഡാറ്റ ആഡ്-ഓൺ പായ്ക്കുകളും അവതരിപ്പിച്ചിട്ടുണ്ട്. മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നതിനേക്കാൾ 33 ശതമാനം കൂടുതൽ മൂല്യം നൽകുന്ന പ്ലാനാണ് പുതുതായി അവതരിപ്പിച്ച വാർഷിക പ്ലാനെന്ന് കമ്പനി അവകാശപ്പെടുന്നു.

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഉപയോക്താക്കൾക്ക് ദിവസേന 2 ജിബി ഡാറ്റ നൽകുന്ന പുതിയ പ്ലാൻ ഗുണകരവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നതുമായിരിക്കുമെന്നും ജിയോ അറിയിച്ചു. പ്രതിമാസം 200 രൂപയിൽ താഴെ മാത്രമേ പുതിയ പ്ലാനിന് ചിലവ് വരുന്നുള്ളു. കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ എന്ന ലക്ഷ്യത്തോടെയാണ് പുതിയ വാർഷിക പ്ലാൻ കമ്പനി ആരംഭിച്ചിരിക്കുന്നത്. എയർടെലും വോഡഫോണും സമാന വിലനിലവാരത്തിൽ പ്ലാനുകൾ നൽകുന്നുണ്ടെങ്കിലും ഡാറ്റ ആനുകൂല്യം കുറവാണ്.

ജിയോയുടെ 2399 രൂപ പ്ലാൻ

2399 രൂപ വിലയുള്ള പുതിയ വാർഷിക പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും ലഭിക്കം. 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. മറ്റ് ജിയോ പ്ലാനുകളിൽ കാണുന്നതുപോലെ മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വിളിക്കാൻ ഈ പ്ലാനിൽ പ്രത്യേക എഫ്യുപി ആനുകൂല്യം നൽകുന്നുണ്ട്. 12,000 മിനുറ്റ് സൌജന്യ കോളുകളാണ് മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ ലഭിക്കുന്നത്.

എയർടെൽ

ജിയോ പുതുതായി അവതരിപ്പിച്ച 2399 രൂപയുടെ വാർഷിക പ്ലാനിന്റെ അതേ വില നിലവാരത്തിൽ 2398 രൂപയുടെ പ്ലാനാണ് എയർടെല്ലിനുള്ളത്. ഇത് ദിവസവും 1.5 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. എയർടെൽ പ്ലാനിന്റെ സവിശേഷത 365 ദിവസത്തേക്ക് എഫ്‌യുപി പരിധിയില്ലാതെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിംഗ് നൽകുന്നു എന്നതാണ്.

ജിയോയുടെ പുതിയ പ്ലാനിലൂടെ 365 ദിവസത്തേക്കുമായി മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 12,000 മിനുറ്റ് കോളുകൾ മാത്രമേ ലഭ്യമാവുകയുള്ളു. ജിയോ ആപ്പുകളിലേക്ക് സൌജന്യ സബ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നുണ്ട്. സമാന വില നിലവാരത്തിൽ വോഡഫോണിന് 2399 രൂപ വിലയുള്ള പ്ലാനാണ് ഉള്ളത്. ഇത് ഉപയോക്താക്കൾക്ക് 1.5 ജിബി പ്രതിദിന ഡാറ്റയും എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിംഗും നൽകുന്നു. 365 ദിവസം തന്നെയാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

ജിയോയുടെ 2121 രൂപ വിലയുള്ള വാർഷിക പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 1.5 ജിബി ഡാറ്റയാണ് കമ്പനി നൽകുന്നത്. ഈ പ്ലാൻ ജിയോ നെറ്റ്‌വർക്കിലെ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകൾ നൽകുന്നുണ്ട്. മറ്റ നമ്പരുകളിലേക്ക് വിളിക്കാൻ 12000 മിനിറ്റ് എന്ന എഫ്യുപി ലിമിറ്റോടെയാണ് ജിയോ സൌജന്യ കോളുകൾ നൽകുന്നത്. എയർടെൽ, വോഡഫോൺ ഐഡിയ പ്ലാനുകളിൽ 365 ദിവസത്തെ വാലിഡിറ്റി ലഭിക്കുമ്പോൾ ജിയോയുടെ 2121 പ്ലാൻ 336 ദിവസത്തെ വാലിഡിറ്റി മാത്രമേ നൽകുന്നുള്ളു.


ജിയോയുടെ പുതിയ ഡാറ്റ ആഡ്-ഓൺ പാക്കുകൾ

പുതിയ വാർഷിക പ്ലാനിനൊപ്പം ജിയോ മൂന്ന് ആഡ്-ഓൺ പായ്ക്കുകളും പുറത്തിറക്കിയിട്ടുണ്ട്. 151 രൂപ, 201 രൂപ, 251 രൂപ നിരക്കുകളിലാണ് ജിയോയുടെ ആഡ് ഓൺ പായ്ക്കുകൾ. ഇതിൽ 251 രൂപ പായ്ക്ക് കമ്പനി ലോക്ക്ഡൌണിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ലഭ്യമാക്കിയതാണ്. ഉപയോക്താക്കൾക്ക് ദിവസേനയുള്ള ഡാറ്റ പരിധി കഴിഞ്ഞാൽ അധിക ഡാറ്റ ലഭ്യമാക്കുന്ന പ്ലാനുകളാണ് ഇവ.

151 രൂപയുടെ ആഡ് ഓൺ പായ്ക്ക് 30 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു, 201 രൂപ പായ്ക്ക് ഉപയോക്താവിന്റെ അക്കൌണ്ട് വാലഡിറ്റിയുടെ അതേ വാലിഡിറ്റി കാലയളവിലേക്ക് 40 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 50 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 251 രൂപ ഡാറ്റാ ആഡ്-ഓൺ പായ്ക്കും ഉപയോക്താക്കൾക്കായി ജിയോ നൽകുന്നു. 28 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന 249 രൂപയുടെ കോംബോ പ്ലാനും ജിയോ നൽകുന്നുണ്ട്.

Post a comment

0 Comments