ഫോണിന് എത്ര ജിബി റാം വേണം?

ഫോണിന് എത്ര ജിബി റാം വേണം?

ലെനോവോ പുറത്തിറക്കിയ അവരുടെ ഫ്ലാഗ്ഷിപ് സ്മാര്‍ട് ഫോണ്‍ Z5 പ്രോ GT (Lenovo Z5 Pro GT) മികച്ച ഫീച്ചറുകള്‍ മാത്രം അണിനിരത്തുന്നതാണ്.  ലോകത്ത് ആദ്യമായി 12 ജിബി റാമുമായി എത്തുന്ന ഫോണ്‍ ഇതാണ്.പ്രധാന ഹാര്‍ഡ്‌വെയര്‍ മത്സരങ്ങളിലൊന്ന് ഏറ്റവും ബെസല്‍ കുറച്ച ഫോണ്‍ ആരു നിര്‍മിക്കുമെന്നതും, നോച് എങ്ങനെ കളയാമെന്നതുമാണ്. അതു കൂടാതെ ആന്‍ഡ്രോയിഡ് നിര്‍മാതാക്കള്‍ തങ്ങളുടെ ഫോണ്‍ ഏറ്റവും മികച്ചതാണെന്നു കാണിക്കാന്‍ അനുവര്‍ത്തിച്ചുവന്ന ഏറ്റവും വലിയ മാറ്റം കൂടുതല്‍ റാം നല്‍കുന്ന കാര്യത്തിലാണ്. ഏറ്റവുമധികം റാം നല്‍കിയാല്‍ മികച്ച ഫോണ്‍ നിര്‍മിക്കാമെന്നതായിരുന്നു അവരുടെ ചിന്തയെന്നു തോന്നും സ്‌പെസിഫിക്കേഷന്‍ കണ്ടാല്‍.
എന്നാല്‍ റാമിന്റെ കാര്യത്തിലെങ്കിലും ഏറ്റവും മികച്ച കമ്പനികള്‍ ഇതിന് അപവാദവുമായിരുന്നുവെന്നും കാണാം. ആപ്പിളിന്റെ ഐഫോണ്‍ Xs/Xs മാക്‌സ് എന്നീ മോഡലുകള്‍ക്ക് 4ജിബി, XRന് 3ജിബി, സാംസങ് ഗ്യാലക്‌സി S9 ന് 4ജിബി, ഗൂഗിള്‍ പിക്‌സല്‍ 3 ഫോണിന് 4ജിബി. എന്നാല്‍ വണ്‍പ്ലസ് അടുത്തിടെ പുറത്തിറക്കിയ 6T മക്ലാരന്‍ എഡിഷന് റാം 10 ജിബിയാണ്. റാം കൂടുതല്‍ നല്‍കിയാല്‍ ഫോണിന് കൂടുതല്‍ ഉപയോഗസുഖം ലഭിക്കുമെന്ന് ഒരു കൂട്ടര്‍ ചിന്തിക്കുന്നു. വേറൊരു കൂട്ടര്‍ അതു മൈന്‍ഡു ചെയ്യുന്നേയില്ല. അപ്പോള്‍ എന്താണു ശരിക്കും നടക്കുന്നത്?
എന്തും കൂടുതലുള്ളതാണ് നല്ലതെന്ന തോന്നല്‍ ടെക്‌നോളജിയെ സംബന്ധിച്ച് വളരെ ശരിയാണെന്നു വാദിക്കുന്നവരാണ് കൂടുതല്‍. അങ്ങനെയാണെങ്കില്‍ ഒരു സ്മാര്‍ട് ഫോണ്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ എത്ര ജിബി റാം വേണം? കഴിഞ്ഞ പതിറ്റാണ്ടിനൊടുവില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ലിനക്‌സില്‍ നിന്ന് ഉരുത്തിരിച്ചു കൊണ്ടുവരുന്ന കാലത്ത് അതിന് എത്ര റാമുണ്ടോ അത്രയും നല്ലതെന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. പഴയ ആന്‍ഡ്രോയിഡ് ഫോണുകളെല്ലാം റാമിന്റെ കുറവുകൊണ്ട് കിതച്ചിരുന്നത് ഈ കാരണം കൊണ്ടായിരുന്നു. ഏതാനും ആപ്പുകള്‍ തുറന്നു വയ്ക്കുകയോ, മള്‍ട്ടി ടാസ്‌കിങ് നടത്തുകയോ ചെയ്താല്‍ തന്നെ ആകെ കുഴയുന്ന അവസ്ഥയായിരുന്നു അവയ്ക്ക്. എന്നാല്‍ ആന്‍ഡ്രോയിഡിന്റെ ഉടമ ഗൂഗിളിന്റെ എൻജിനീയര്‍മാര്‍ തനിച്ചിരുന്നു പണിത് ആ അവസ്ഥ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇല്ലാതാക്കി. കൂടുതല്‍ മെച്ചപ്പെട്ട റാം നിയന്ത്രണം കൊണ്ടുവന്നതേ, ആന്‍ഡ്രോയിഡിന്റെ മറ്റൊരു പ്രശ്‌നമായിരുന്ന ബാറ്ററി ചോരലിനും ഒരു പരിധിവരെയെങ്കിലും പരിഹാരമായെന്നും കാണാം. ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കള്‍ പരമാവധി 4ജിബി റാം ഉപയോഗിച്ചാല്‍ പ്രവര്‍ത്തനം സുഗമമാക്കാമെന്നു കാണിക്കാനാണ് ഗൂഗിള്‍ 2018ല്‍ തങ്ങളുടെ പ്രീമിയം ഫോണായ പിക്‌സല്‍ 3 ഇറക്കിയപ്പോള്‍ അതിന് 4ജിബി റാം നല്‍കിയും ഇറക്കിയത്.എന്നാല്‍ മറ്റ് ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളില്‍ പലരും 4ജിബി പരിധി ലംഘിച്ച് കടന്നു പോകുന്നതു കാണാം. സുഗമമായി ഉപയോഗിക്കാന്‍ 4ജിബി ധാരാളം മതിയെങ്കില്‍ പിന്നെ എന്തിനാണ് അതിലധികം റാം നല്‍കുന്നത്? ഇവരില്‍ പലരും സ്റ്റോക് ആന്‍ഡ്രോയിഡ് അല്ല നല്‍കുന്നതെന്നു കാണാം. അവര്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തെ ഗൂഗിള്‍ കണ്ട രീതിയിലല്ലാതെ മറ്റൊരു രീതിയില്‍ വിഭാവനം ചെയ്യുന്നു. പുതിയ ഫീച്ചറുകളും, പ്രവര്‍ത്തനശേഷി വേണ്ട സിസ്റ്റം എലമെന്റുകളും അനിമേഷന്‍നുകളും അവര്‍ കൊണ്ടുവരുന്നു.ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കേന്ദ്രത്തിൽ തന്നെ അവര്‍ മാറ്റം വരുത്തുന്നു. കൂടുതല്‍ ഫീച്ചറുകള്‍ കൊണ്ടുവരുന്നതു കൂടാതെ, ഗൂഗിളിന്റെ ചില ഫീച്ചറുകളെ പ്രവര്‍ത്തനരഹിതാമാക്കുകയും ചെയ്യുന്നു. ഷവോമിയുടെ MIUI ഇതിനു മകുടോദാഹരണമാണ്. സ്‌റ്റോക് ആന്‍ഡ്രോയിഡ് അനുഭവത്തെ പാടെ തമസ്‌കരിച്ചാണ് ഇതു നിര്‍മിച്ചിരിക്കുന്നതെന്നു കാണാം. വാവെയുടെ ഏറ്റവും പുതിയ EMUI 9 ല്‍ തേഡ് പാര്‍ട്ടി ലോഞ്ചറുകള്‍ (launcher) പ്രവര്‍ത്തിക്കില്ല. എന്നാല്‍, ഗൂഗിളിന്റെ സ്റ്റോക് ആന്‍ഡ്രോയിഡില്‍ ഉപയോക്താവിന് ഇഷ്ടമുള്ളതെല്ലാം ചെയ്യാമെന്നും കാണാം.ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തെക്കൊണ്ട് ആ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കിയവര്‍ ചിന്തിക്കാത്ത തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യിക്കണമെങ്കില്‍ അതിനു കൂടുതല്‍ ശക്തി വേണ്ടിവരും. ഇല്ലെങ്കില്‍ കിതയ്ക്കും. അതായത്, പുതിയ ഫീച്ചറുകളും, പ്രോട്ടോകോളുകളും പ്രവര്‍ത്തിപ്പിക്കുന്നതു പരമാവധി സുഗമാക്കാനാണ് കൂടുതല്‍ റാം ഉപയോഗിക്കുന്നത്. ആന്‍ഡ്രോയിഡ് കസ്റ്റമൈസു ചെയ്യുന്ന കമ്പനികളെല്ലാം എത്ര റാം കൂടുതല്‍ ഉപയോഗിക്കുന്നോ അത്രയും നല്ലതെന്നു വേണമെങ്കില്‍ ലളിതമായി പറയാം.എന്നാല്‍, ഇതിനു വിപരീത ദിശയില്‍ നീങ്ങുന്ന ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളുമുണ്ട്. ഉദാഹരണത്തിന് സാംസങും വാവെയും. ഇവര്‍ ആപ്പിളിന്റെ പുസ്തകം നോക്കി പഠിച്ചവരാണ്.ആന്‍ഡ്രോയിഡിനെ കൂടുതല്‍ മെരുക്കുകയാണ് അവര്‍ ചെയ്യുന്നത്.  ഹാര്‍ഡ്‌വെയറിന്റെ ശക്തി വര്‍ധിപ്പിച്ച് ഫോണിന്റെ പ്രവര്‍ത്തന ശേഷി മെച്ചപ്പെടുത്തുന്നതിനു പകരം സോഫ്റ്റ്‌വെയറിനെ കൂടുതല്‍ ഒഴുക്കുള്ളതാക്കുകയാണ് അവരുടെ എൻജിനീയര്‍മാര്‍ ചെയ്യുന്നത്. ഇതുകൊണ്ടാണ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സ്മാര്‍ട് ഫോണുകളിലൊന്നായി വിലയിരുത്തപ്പെട്ട ഗ്യാലക്‌സി S9ന് 4ജിബി റാം നല്‍കിയിരിക്കുന്നത്. (ഗ്യാലക്‌സി S9 പ്ലസിന് 6ജിബി റാമുണ്ട്.) സാംസങും എക്‌സ്പീരിയന്‍സ് UI എന്ന തങ്ങളുടെ കസ്റ്റം യൂസര്‍ ഇന്റര്‍ഫെയ്‌സാണ് ഉപയോഗിക്കുന്നത്. വാവെയും, സാംസങും ഒഎസില്‍ റാം മാനേജ്‌മെന്റിനായി കാര്യമായി പണിയെടുക്കുന്നു. മറ്റുള്ള കമ്പനികള്‍ റാം നല്‍കി കിതയ്ക്കൽ കുറയ്ക്കുന്നു. റാം കുറവുള്ളപ്പോഴും രണ്ടു കമ്പനികളുടെയും ഫോണുകള്‍ ശക്തി വേണ്ടപ്പോള്‍ പോലും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം ഇതാണെന്നാണ് കണ്ടെത്തല്‍.
ഇത് അവര്‍ ആധുനിക സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തിന്റെ പിതാവായ ആപ്പിളില്‍ നിന്നു പഠിച്ചതാണ്. ആപ്പിള്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തിനിറങ്ങിയപ്പോള്‍ ഒരു കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ശക്തി കുറച്ചെടുക്കുകയല്ല ചെയ്തത്. പൂര്‍ണ്ണമായും പുതിയ ഒരു ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മിക്കുയാണ് ചെയ്തത്. ഐഒഎസ് 12ല്‍ പോലും 3 ജിബി റാം മാത്രമുള്ള ഐഫോണ്‍ XR സുഗമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതും അതുകൊണ്ടാണ്. അത്യുഗ്രന്‍ ബാറ്ററി ലൈഫും ,ഇതിന്റെ പാര്‍ശ്വഫലമാണ്. പ്രകടനത്തികവിനായി ഓപ്പറേറ്റിങ് സിസ്റ്റ്‌ത്തെ എണ്ണയിട്ട എന്ത്രം പോലെ പ്രവര്‍ത്തിപ്പിക്കുക എന്ന രീതിയാണ് ആപ്പിള്‍ അന്നോളമിന്നോളം പിന്തുടരുന്നതെന്നു കാണാം. (ഇതിനും ഒരു മറുവശമുണ്ട്. ഐഒഎസില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിളിന്റെ ടാബ് ആയ ഐപാഡുകള്‍ ഇപ്പോഴത്തെ അവസ്ഥയില്‍ പോലും കംപ്യൂട്ടറുകൾ പോലെയുള്ള ഉപകരണങ്ങളല്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.)മള്‍ട്ടി ടാസ്‌കിങ്ങില്‍ കൂടുതല്‍ റാം ഉപകാരപ്രദമാണോ? 8ജിബി റാമുള്ള വണ്‍പ്ലസ് 6Tയും, 4ജിബി റാമുള്ള ഗൂഗിള്‍ പിക്‌സല്‍ 3യും ഇക്കാര്യത്തില്‍ ഒരേ പ്രകടനമാണ് നടത്തുന്നതെന്നാണ് കണ്ടെത്തല്‍. പ്രകടനത്തില്‍ ഒരു വ്യത്യാസവും അനുഭവപ്പെടില്ല.
റാം അനന്തമായി കൂട്ടി പോകുന്നത് തെറ്റാണോ?വേണ്ടേ വേണ്ടെന്ന് ഇതിനകം മനസ്സിലായിട്ടുണ്ടാകുമല്ലോ. സോഫ്റ്റ്‌വെയര്‍ ഒപ്ടിമൈസേഷന്‍ ധാരാളം മതിയാകും. എന്നാല്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഏതാനും ജിബി റാം കൂടുന്നത് ഫോണിന് ഒരു ക്ഷീണവും വരുത്തുകയില്ലെന്നും കാണാം. എന്നാല്‍ ഫോണിന്റെ വില കൂട്ടാതെ റാം കൂട്ടുകയാണെങ്കില്‍ ഉപയോക്താക്കള്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കണം താനും! കേവലം 2ജിബി റാമുള്ള ഐഫോണ്‍ 6s, ഏറ്റവും പുതിയ ഐഒഎസ് 12നെ എത്ര അനായാസമായി വഹിക്കുന്നുവെന്നു കണ്ടാല്‍ ഒഎസ് ഒപ്ടിമൈസേഷന്റെ ഗുണം കാണാനാകും.ഇനി ഇതൊന്നും കൂടാതെ മറ്റൊരു കാര്യവുമുണ്ട്. ശരാശരി ഉപയോക്താവ് 6 ജിബി റാമുള്ള ഫോണിനെ ക്ഷീണിപ്പിക്കാന്‍ പാകത്തിനുള്ള ഉപയോഗമൊന്നും നടത്തില്ല. കോളും, മെസേജിങ്ങും അല്‍പ്പം ബ്രൗസിങും നടത്താന്‍ മാത്രമായി ഫോണ്‍ വാങ്ങുന്നവര്‍ റാമിന്റെ കാര്യത്തില്‍ വേവലാതിപ്പെടേണ്ട കാര്യമേ കാണില്ല.

📌കടപ്പാട്: ടെക് വേൾഡ്

Post a Comment

Previous Post Next Post

READ MUST: ഏത് ജോലിക്കും Apply ചെയ്യാൻ CV ആവശ്യമാണ്. മൊബൈൽ ഉപയോഗിച്ച് CV തയ്യാറാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക👉 DOWNLOAD CV MAKER APP