ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ കുത്തക ഇല്ലാതാവുമോ?പുതിയ തന്ത്രവുമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ tech

ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ കുത്തക ഇല്ലാതാവുമോ?പുതിയ തന്ത്രവുമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ tech

ആൻഡ്രോയിഡ് ആപ്പ് വിതരണ രംഗത്ത് ഗൂഗിൾ പ്ലേ സ്റ്റോറിന്റെ കുത്തക അവസാനിപ്പിക്കാൻ മുൻനിര ചൈനീസ് സ്മാർട്ട് ഫോൺ ബ്രാന്റുകൾ ഒന്നിക്കുന്നു. ചൈനീസ് കമ്പനികളായ ഷാവോമി, വാവേ ടെക്നോളജീസ്, ഓപ്പോ, വിവോ എന്നീ കമ്പനികൾ ചേർന്ന് ചൈനക്ക് പുറത്തുള്ള ആപ്പ് ഡെവലപ്പർമാർക്ക് അവരുടെ ആപ്ലിക്കേഷനുകൾ അപ് ലോഡ് ചെയ്യാൻ സാധിക്കുന്ന പ്രത്യേകം ആപ്പ് സ്റ്റോർ പ്ലാറ്റ് ഫോം നിർമിക്കാനാണ് നീക്കം. അമേരിക്കയുമായുള്ള വാണിജ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിലക്ക് നേരിട്ട ചൈനീസ് കമ്പനിയായ വാവേയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയായത് ഗൂഗിൾ പ്ലേ സേവനങ്ങൾ നഷ്ടമാകുന്ന സാഹചര്യം വന്നപ്പോഴാണ്. അമേരിക്കൻ കമ്പനികൾ ആരും വാവേയുമായി ഇടപാടുകൾ നടത്തരുതെന്ന ഭരണകൂടത്തിന്റെ ഉത്തരവ് പാലിക്കപ്പെട്ടതോടെ ലോകത്തെ രണ്ടാമത്തെ ആൻഡ്രോയിഡ് സ്മാർട്ഫോൺ ബ്രാന്റായിരുന്ന വാവേയ്ക്ക് ഗൂഗിൾ പ്ലേ സേവനങ്ങൾ നഷ്ടമായി. ഇതോടെ ഗൂഗിൾ പ്ലേ സ്റ്റോർ ഉൾപ്പടെയുള്ള ഗൂഗിൾ ആപ്പുകൾ വാവേ ഫോണുകൾ ഉപയോഗിക്കാൻ സാധിക്കാതെ വന്നു. സ്വന്തം ആപ്പ് സ്റ്റോർ അവതരിപ്പിച്ചാണ് വാവേ തൽക്കാലത്തേക്ക് ഈ സാഹചര്യത്തെ നേരിടുന്നത്. ആപ്പ് വിതരണ രംഗത്ത് ഗൂഗിൾ പ്ലേ സ്റ്റോറിന്റെ കുത്തകയാണ് ഇത്തരം ഒരു അവസ്ഥയിലേക്ക് നയിച്ചതെന്ന് ബോധ്യം വാവേയ്ക്കും മറ്റ് ചൈനീസ് സ്മാർട്ട് ഫോൺ കമ്പനികൾക്കുണ്ട്. ഈ സാഹചര്യത്തിലാണ് പകരം സംവിധാനമൊരുക്കാനുള്ള നീക്കമുണ്ടായിരിക്കുന്നത്. ഇതിനായി ഷാവോമി, വാവേ, ഓപ്പോ, വിവോ എന്നിവർ ചേർന്ന് ഗ്ലോബൽ ഡെവലപ്പർ സർവീസ് അലയൻസ് (ജിഡിഎസ്എ ) രൂപീകരിച്ചു. ആപ്പ് ഡെവലപ്പർമാർക്ക് അവരുടെ ഗെയിം, മ്യൂസിക്, മൂവീസ് ഉൾപ്പടെയുള്ള ആപ്ലിക്കേഷനുകൾ വിദേശ വിപണികളിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം. മാർച്ചിൽ ജിഡിഎസ്എയ്ക്ക് തുടക്കമിടാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. എന്നാൽ കോറോണ വൈറസ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അത് വൈകാനിടയുണ്ട്. ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ വിപണിയിൽ ഗൂഗിളിന്റെ പ്രധാന ഉപയോക്താക്കളായ ചൈനീസ് സ്മാർട്ഫോൺ ബ്രാന്റുകളാണ് ഇത്തരം ഒരു നീക്കവുമായി രംഗത്തെത്തിയിട്ടുള്ളത്. വാവേയുമായുള്ള ഇടപാടുകൾ നിർത്തിവെക്കാനുള്ള സർക്കാർ തീരുമാനം അമേരിക്കൻ കമ്പനികൾക്ക് കനത്ത ഭീഷണിയാവുമെന്ന് ഗൂഗിൾ തന്നെ നേരത്തെ അമേരിക്കൻ ഭരണകൂടത്തെ അറിയിച്ചിരുന്നു. ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓഎസ് ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ സ്വന്തമായി വികസിപ്പിച്ച ഹാർമണി ഓഎസ് ഫോണുകളിൽ ഉപയോഗിക്കാൻ വാവേ തീരുമാനിച്ചിട്ടുണ്ട്. പല ചൈനീസ് കമ്പനികളും ഈ ഓഎസ് സ്വീകരിക്കാൻ തയ്യാറാണെന്നാണ് വിവരം. 

Post a comment

0 Comments